പ്രശാന്ത് കിഷോര്‍ മുഖേന കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച് മുന്‍ വിദ്യാര്‍ത്ഥി നേതാവ്

ന്യൂഡല്‍ഹി: താന്‍ കോണ്‍ഗ്രസില്‍ ചേരുന്നു എന്ന റിപ്പോര്‍ട്ടുകളെ തള്ളി സിപിഐ നേതാവും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷനുമായ കനയ്യകുമാര്‍. പ്രചരണങ്ങളില്‍ ഒരു സത്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതിനകത്ത് ഒരു സത്യവുമില്ല. ഞാന്‍ മുഖ്യധാര രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയും ഒരു ദേശീയ പാര്‍ട്ടിയില്‍ അംഗവുമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ ഒരാള്‍ക്ക് പലരെയും ബന്ധപ്പെടേണ്ടി വരും. ഇപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഡല്‍ഹിയിലാണെന്നും കനയ്യകുമാര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രണ്ട് തവണ കനയ്യകുമാര് സന്ദര്‍ശിച്ചെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. ഈ കൂടിക്കാഴ്ചകളിലെല്ലാം പ്രശാന്ത് കിഷോറും ഉണ്ടായിരുന്നു. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും അവര്‍ പറഞ്ഞിരുന്നു.

ഈയടുത്ത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് നദീം ജാവേദുമായി ഉച്ചഭക്ഷണം കഴിച്ചതിന്റെ ഫോട്ടോ കാണിച്ചാണ് ഈ അഭ്യൂഹങ്ങളെല്ലാം. നദീം കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐയുടെ മുന്‍ പ്രസിഡണ്ടും യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. അദ്ദേഹം ആ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം പ്രശാന്ത് കിഷോറുമായി താന്‍ പലപ്പോഴും സംസാരിക്കാറുണ്ടെന്നും കനയ്യകുമാര്‍ പറഞ്ഞു.

അച്ചടക്കം ലംഘിച്ചതിന് കഴിഞ്ഞ ജനുവരിയില്‍ കനയ്യകുമാറിനെതിരെ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. അതിന് ശേഷം പലപ്പോഴും ഇത്തരം അഭ്യൂഹങ്ങള്‍ വന്നിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് 19 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. സംസ്ഥാനത്ത് തിരിച്ചു വരുന്നതിന് കോണ്‍ഗ്രസ് കനയ്യകുമാറിനെ പോലുള്ള യുവനേതാവിനെ പാര്‍ട്ടിയിലെത്തിക്കുന്നതിന് ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുന്‍ എം.എല്‍.എ കൂടിയായ നദീം ജാവേദിനാണ് ആ ഉത്തരവാദിത്വം നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.