‘മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പെടുത്തി മകനും മരുമകള്‍ക്കും വാക്‌സിന്‍’; കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഡിവൈഎഫ്‌ഐ

എറണാകുളം കാഞ്ഞൂര്‍ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി കൊവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള വാക്‌സിനേഷനില്‍ അട്ടിമറി നടത്തിയെന്ന് പരാതി. കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയനന്ദന്‍, വൈസ് പ്രസിഡന്റ് കെ എന്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട വാക്‌സിന്‍ തട്ടിയെടുത്ത് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയെന്നാണ് ആരോപണം. മുന്‍ഗണനാ ലിസ്റ്റ് അട്ടിമറിച്ച് മകനും മരുമകള്‍ക്കും വാക്‌സിന്‍ നല്‍കിയ പഞ്ചായത്ത് പ്രസിഡന്റിനും മകള്‍ക്കും ഭാര്യയ്ക്കും വാക്‌സിനേഷനൊരുക്കിയ വൈസ് പ്രസിഡന്റിനുമെതിരെ നടപടിയാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും പരാതി അയച്ചു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനവുമായി ഒരു തരത്തിലും സഹകരിക്കാത്തവരാണ് അനര്‍ഹമായി വാക്‌സിന്‍ സ്വീകരിച്ചതെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും എസ്എഫ്‌ഐ നേതാവുമായ കെ വി അഭിജിത്ത് ന്യൂസ്‌റപ്റ്റിനോട് പ്രതികരിച്ചു.

തങ്ങള്‍ നിര്‍ദ്ദേശിച്ച പേരുകള്‍ പഞ്ചായത്ത് പ്രതിനിധികള്‍ വെട്ടിയെന്നും ആശാവര്‍ക്കേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സജീവമായി സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും വാക്‌സിന്‍ ലഭിക്കാത്ത അവസ്ഥയാണ്. ഒരു പ്രവര്‍ത്തനം നടത്താതെ വീട്ടിലിരിക്കുന്നവരാണ് ആ പേരില്‍ വാക്‌സിന്‍ തട്ടിയെടുക്കുന്നത്.

കെ വി അഭിജിത്ത്

ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ പ്രതികരണം

“റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളെ മുന്നണിപ്പോരാളികളായി കണ്ട് സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. ഒരു പഞ്ചായത്തില്‍ നിന്ന് പത്ത് പേരെ വീതമാണ് തെരഞ്ഞെടുക്കുന്നത്. കാഞ്ഞൂര്‍ പഞ്ചായത്തില്‍ ആശാ വര്‍ക്കര്‍മാരോടു പോലും പറയാതെയാണ് ചിലരെ വാക്‌സിനേഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആര്‍ആര്‍ടിയില്‍ കോണ്‍ഗ്രസുകാര്‍ സ്വാഭാവികമായും ഡിവൈഎഫ്‌ഐ-സിപിഐഎം പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തില്ലല്ലോ. ആര്‍ആര്‍ടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ഒരുപാട് പേരുണ്ട്. അവരെയൊന്നും പരിഗണിക്കാതെ പഞ്ചായത്ത് പ്രസിഡന്റ് മകനും മരുമകള്‍ക്കും വാക്‌സിന്‍ കൊടുത്തു. വൈസ് പ്രസിഡന്റ് ഭാര്യയ്ക്കും മകള്‍ക്കും വാക്‌സിന്‍ ഏര്‍പ്പെടുത്തി. നാലാം വാര്‍ഡിലാണ് വൈസ് പ്രസിഡന്റിന്റെ വീട്. ഭാര്യയ്ക്ക് ആറാം വാര്‍ഡില്‍ നിന്നാണ് വാക്‌സിന്‍ കൊടുത്തത്. പല മെമ്പര്‍മാരും ഇതുപോലെ ചെയ്തിട്ടുണ്ട്. ചില മെമ്പര്‍മാരുടെ മക്കള്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ട്. പക്ഷെ, ഈ വാക്‌സിന്‍ സ്വീകരിച്ച പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും കുടുംബാംഗങ്ങള്‍ ഒരു പ്രവര്‍ത്തനവും നടത്താത്തവരാണ്. ആശാ വര്‍ക്കമാര്‍ക്ക് ഇതില്‍ കടുത്ത അതൃപ്തിയുണ്ട്. ആര്‍ആര്‍ടിയുടെ കോഡിനേറ്റര്‍ ചുമതല ആശാ വര്‍ക്കര്‍മാര്‍ക്കാണ്. ലിസ്റ്റ് ചോദിച്ചപ്പോള്‍ മെമ്പര്‍മാര്‍ തന്നില്ലെന്നും അവര്‍ നേരിട്ടാണ് കൈകാര്യം ചെയ്തതെന്നും ആശാവര്‍ക്കര്‍മാര്‍ പറഞ്ഞു. തങ്ങള്‍ നിര്‍ദ്ദേശിച്ച പേരുകള്‍ പഞ്ചായത്ത് പ്രതിനിധികള്‍ വെട്ടിയെന്നും ആശാവര്‍ക്കേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സജീവമായി സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും വാക്‌സിന്‍ ലഭിക്കാത്ത അവസ്ഥയാണ്. ഒരു പ്രവര്‍ത്തനം നടത്താതെ വീട്ടിലിരിക്കുന്നവരാണ് ആ പേരില്‍ വാക്‌സിന്‍ തട്ടിയെടുക്കുന്നത്. വ്യാപകമായ ക്രമക്കേടാണ് ഇവിടെ നടക്കുന്നത്. ഫോട്ടോകളും വാക്‌സിനേഷന്‍ പട്ടികയുമടക്കം ഞങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ട്.”

ഡിവൈഎഫ്‌ഐയുടെ പ്രസ്താവന

“കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ആര്‍ആര്‍ടി വൊളണ്ടിയര്‍മാര്‍ക്ക് വാക്‌സിന്‍ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയുള്ള നിര്‍ദ്ദേശം ഉണ്ടായിരുന്നു. കാഞ്ഞൂര്‍ പഞ്ചായത്ത് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അത്തരത്തില്‍ ആര്‍ആര്‍ടി വളണ്ടിയര്‍മാരെ നിശ്ചയിച്ചിട്ടില്ല. മാത്രമല്ല കേരള സര്‍ക്കാരിന്റെ കോവിഡ് വളണ്ടിയര്‍ ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുവജനങ്ങളെ സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറാണോ എന്ന് ഫോണ്‍ വിളിച്ചു ചോദിക്കുക മാത്രമാണ് പഞ്ചായത്തില്‍ നിന്ന് ചെയ്തിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുവജന സംഘടനകളും നാട്ടുകാരും ഏറ്റെടുക്കുന്ന സാഹചര്യമാണ് നിലവില്‍ കാഞ്ഞൂര്‍ പഞ്ചായത്തിലുള്ളത്.

ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍ക്കുള്ള വാക്‌സിന്‍ മുന്‍ഗണന ലിസ്റ്റില്‍ കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗ്രേസി ദയനന്ദന്‍ സ്വന്തം മകനെയും മരുമകളെയും ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കിയിരിക്കുകയാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എന്‍ കൃഷ്ണകുമാര്‍ തന്റെ മകളെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഇടപെടാത്ത ഇവരുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് തികച്ചും സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും ആണ്.

നാട്ടിലാകെ ജനങ്ങള്‍ വാക്‌സിനു വേണ്ടി ബുദ്ധിമുട്ടുന്ന സമയത്തു വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത സ്വന്തം കുടുംബക്കാര്‍ക്ക് മാത്രമായി വാക്‌സിന്‍ ലഭ്യമാക്കിയ പഞ്ചായത്ത് ഭരണ സമിതിയുടെ നടപടി മനുഷ്യത്വമില്ലായ്മയാണ്. സത്യപ്രതിജ്ഞ ലംഘനം നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദനും വൈസ് പ്രസിഡന്റ് കെ എന്‍ കൃഷ്ണകുമാറും രാജി വെക്കണമെന്ന് ആവശ്യപ്പെടുന്നു. പഞ്ചായത്തിന്റെ ഒരു സഹകരണവും ഇല്ലാതിരുന്നിട്ടും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ യുവജങ്ങളോടുള്ള വെല്ലുവിളിയാണിത്.”