ആദ്യം ആരംഭിച്ചത് കണ്ണന്‍ താമരക്കുളം-അര്‍ജുന്‍ ചിത്രം; ആദ്യ ദിവസം തന്നെ ചിത്രീകരണം നിര്‍ത്തി

രണ്ടര മാസത്തെ ഇടവേളക്ക് ശേഷം സിനിമാ ചിത്രീകരണത്തിന് ശനിയാഴ്ച സര്‍ക്കാര്‍ അനുമതി കൊടുത്തതോടെ ആദ്യം ആരംഭിച്ചത് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രം. അര്‍ജുനാണ് ചിത്രത്തിലെ നായകന്‍. എന്നാല്‍ ചിത്രം ആരംഭിച്ച ദിവസം തന്നെ നിര്‍ത്തുകയും ചെയ്തു.

ഞായറാഴ്ച രാവിലെ പീരുമേട്ടിലാണ് ചിത്രം ആരംഭിച്ചത്. അര്‍ജുനോടൊപ്പം നിക്കി ഗല്‍റാണി, ആശ ശരത്ത്, മുകേഷ് എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്.

നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതിനാലാണ് ചിത്രീകരണം നിര്‍ത്തിവെച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ചുള്ള പുതിയ ഷൂട്ടിംഗ് മാനദണ്ഡങ്ങള്‍ക്ക് രൂപം കൊടുത്ത ശേഷമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ.

ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂളിന് വേണ്ടി അര്‍ജുന്‍ ഞായറാഴ്ച മുതലാണ് ഡേറ്റ് തന്നിരുന്നത്. നിയന്ത്രണം നീക്കിയെന്ന അറിഞ്ഞയുടന്‍ തന്നെ അര്‍ജുന് വരാനുള്ള ടിക്കറ്റ് തയ്യാറാക്കുകയും ഞായറാഴ്ച രാവിലെ കേരളത്തിലെത്തുകയുമായിരുന്നു. അങ്ങനെയാണ് ആദ്യ ദിനം തന്നെ ചിത്രീകരണമാരംഭിക്കാന്‍ കഴിഞ്ഞത്. നിക്കി ഗല്‍റാണി കഴിഞ്ഞ രണ്ട് മാസമായി കേരളത്തിലുണ്ടായിരുന്നു. അതിനാല്‍ പെട്ടെന്ന് തന്നെ ചിത്രത്തില്‍ ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞെന്നും കണ്ണന്‍ താമരക്കുളം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.