പ്രകാശ് രാജ് വീണ്ടും മലയാളത്തിലേക്ക്; ‘കുറച്ചധികം രാഷ്ട്രീയവുമായി’ കണ്ണന്‍ താമരക്കുളത്തിന്റെ ‘വരാല്‍’; അനൂപ് മേനോന്റെ തിരക്കഥ

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പ്രകാശ് രാജ് വീണ്ടും മലയാളത്തിലേക്ക്. പ്രകാശ് രാജ്, അനൂപ് മേനോന്‍ എന്നിവരെ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള പോസ്റ്ററുമായി കണ്ണന്‍ താമരക്കുളം, ജയസൂര്യ തുടങ്ങിയവരാണ് പ്രൊജക്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ‘വെയ്റ്റിങ്ങ്’ എന്ന ക്യാപ്ഷനോടെയാണ് ജയസൂര്യയുടെ പോസ്റ്റ്. ‘എഴുത്തുകാരനായിക്കൊണ്ടുള്ള തന്റെ അടുത്ത ചിത്രമാണെന്നും സ്‌നേഹവും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിക്കുന്നെന്നും അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ പത്താമത്തെ ചിത്രത്തില്‍ വന്‍ താരയുണ്ടാകുമെന്ന് കണ്ണന്‍ താമരക്കുളം പറഞ്ഞു.

വര്‍ഗം, മതം, ശിക്ഷ.. കുറച്ചധികം രാഷ്ട്രീയവും അതിനപ്പുറം ത്രില്ലും. അതാണ് വരാല്‍.

കണ്ണന്‍ താമരക്കുളം

പ്രിയ സ്‌നേഹിതന്‍ അനൂപ് മേനോന്‍ വേറിട്ട ഒരു സിനിമ എനിക്ക് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുകയാണ്. ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതെ ഈ സിനിമ നിര്‍മ്മിക്കാമെന്ന് മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണകമ്പനിയായ ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഉറപ്പുനല്‍കിട്ടുണ്ട്. ഇരുവര്‍ക്കും നന്ദി. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അധികം താമസിയാതെ പുറത്തു വിടുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ടൈം ആഡ്‌സിന്റെ ബാനറില്‍ പി എ സെബാസ്റ്റ്യനാണ് വരാല്‍ നിര്‍മ്മിക്കുന്നത്. രവി ചന്ദ്രന്‍ ഛായാഗ്രഹണം. പ്രൊജക്ട് ഡിസൈന്‍ ബാദുഷ എന്‍ എം. കെ ആര്‍ പ്രകാശ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അജിത്ത് പെരുമ്പിള്ളി പ്രൊജക്ട് കോഡിനേഷന്‍ ചെയ്യുന്നു. ആന്റണി സ്റ്റീഫനാണ് പൊളിറ്റിക്കല്‍ ത്രില്ലര്‍ മൈന്‍ഡ് ഗെയിം വൈബുള്ള പോസ്റ്റര്‍ തയ്യാറാക്കിയത്. മരട് ഫ്‌ളാറ്റ് പൊളിറ്റിക്കല്‍ പശ്ചാത്തലമായൊരുക്കിയ ‘വിധി’, സെന്തില്‍ കൃഷ്ണ നായകനാകുന്ന ‘ഉടുമ്പ്’ എന്നീ കണ്ണന്‍ താമരക്കുളം ചിത്രങ്ങള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. അര്‍ജുന്‍ സര്‍ജയെ നായകനാക്കി മലയാളത്തിലും തമിഴിവും ഒരുങ്ങുന്ന ‘വിരുന്ന്’ ചിത്രീകരണം തുടരുന്നു. ഉടുമ്പ് ഹിന്ദി റീമേക്ക് കണ്ണന്‍ താമരക്കുളം തന്നെ സംവിധാനം ചെയ്‌തേക്കും. റിലീസിന് മുന്നേ തന്നെ റീമേക്ക് അവകാശം വിറ്റുപോകുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രമാണ് ഉടുമ്പ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമാല്‍ കെ എം സംവിധാനം ചെയ്യുന്ന ‘പട’യാണ് പ്രകാശ് രാജ് അവസാനമായി അഭിനയിച്ച മലയാള ചിത്രം. ചിത്രം റിലീസിനൊരുങ്ങുകയാണ്.