കണ്ണൂര്‍: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ശേഷം പ്രഫുല്‍ ഖോദാ പട്ടേല്‍ വരുത്തിയ പരിഷ്കാരങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് പ്രക്ഷോഭങ്ങള്‍ നയിക്കുന്ന ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ കോര്പ്പറേഷന്. എല്ലാ വിഭാഗം ജനങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന ലക്ഷദ്വീപില്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയുള്ള പരിഷ്ക്കാരങ്ങളാണ് നടപ്പിലാക്കുന്നതെന്ന് കോര്പ്പറേഷന് അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി.
ഒരു ജനതയുടെ സാംസ്കാരികവും സാമൂഹികവുമായ പാരമ്പര്യത്തിന് എതിരായ കടന്നുകയറ്റവും അവരുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നീക്കവുമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കൂ. സമാധാനവും സാഹോദര്യവും നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അസമാധാനത്തിന്റെയും വിദ്വേഷത്തിന്റെയും ചളിക്കുളങ്ങള്‍ സൃഷ്ടിച്ച് വെറുപ്പിന്റെ വിഷപുഷ്പങ്ങള്‍ വിരിയിച്ചെടുക്കാനുള്ള ശ്രമമാണ് വെളിവാകുന്നതെന്നും പ്രമേയം ആരോപിച്ചു.
മേയര്‍ അഡ്വ ടിഒ മോഹനന് അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ പികെ അന്‍വര്‍ പിന്താങ്ങി, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍ സുകന്യ എന്നിവര്‍ സംസാരിച്ചു. അതേ സമയം ബിജെപി കൗണ്‍സിലറായ വികെ ഷൈജു പ്രമേയത്തില്‍ വിയോജിപ്പ് അറിയിച്ചു.