ബംഗളൂരു: കര്‍ണാടകത്തിലെ പത്ത് നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ദയനീയ പരാജയം. കോണ്‍ഗ്രസ് ആറ് സ്ഥാപനങ്ങളിലും ജനതാദള്‍ എസ് രണ്ട് സ്ഥാപനങ്ങളിലും അധികാരം നേടിയപ്പോള്‍ ബിജെപിക്ക് ഒരു സ്ഥാപനത്തില്‍ മാത്രമാണ് വിജയിക്കാനായായത്.
സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിയുടെ കോട്ടകളെന്നറിയപ്പെടുന്ന ബല്ലാരിയും തീര്‍ത്ഥഹള്ളിയും കോണ്‍ഗ്രസ് പിടിച്ചെടുത്തു. ബിദാറില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. ഏപ്രില്‍ 27നാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഈ പത്ത് സ്ഥാപനങ്ങളിലെ 266 സീറ്റുകളിലെ ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ് 119 സീറ്റുകളിലും ജനതാദള്‍ എസ് 67 സീറ്റുകളിലും ബിജെപി 54 സീറ്റുകളിലുമാണ് വിജയിച്ചത്. കൊവിഡ് പ്രതിരോധത്തില്‍ യെദിയൂരപ്പ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ഇത്രയും വലിയ തോല്‍വി ബിജെപിക്ക് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. യെദിയൂരപ്പയുടെ സ്വന്തം നാട്ടില്‍ പോലും ബിജെപിക്ക് അധികാരം നിലനിര്‍ത്താനായില്ല.
യെദിയൂരപ്പയുടെ നാട്ടിലെ ഭദ്രാവതി, തീര്‍ത്ഥഹള്ളി എന്നീ തദ്ദേശ സ്ഥാപനങ്ങളാണ് ബിജെപിയുടെ കൈവിട്ട് പോയത്. യെദിയൂരപ്പക്ക് മാത്രമല്ല മന്ത്രി ശ്രീരാമലുവിനും ഈ ഫലം തിരിച്ചടിയാണ്. ബെല്ലാരിയും ബിജെപിയെ കൈവിട്ടു.
ബല്ലാരി എംഎല്‍എ സോമശേഖര്‍ റെഡ്ഡിയുടെ മകന് ശ്രാവണ്‍ കുമാര്‍ പരാജയപ്പെട്ടു. ശ്രീരാമലുവിന്റെ അടുത്ത ബന്ധു ഫക്കീരപ്പയുടെ മകള്‍ ഉമാദേവിയ്ക്കും ജയിക്കാനായില്ല.
മടിക്കേരിയില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ആകെയുള്ള 23ല്‍ 16 സീറ്റ് നേടിയാണ് ബിജെപി വിജയം. ജനതാദള്‍ എസ് ചന്നപട്ടണയും വിജയപുരയുമാണ് നേടിയത്. ബിദാറില്‍ ആംആദ്മി പാര്‍ട്ടി ഒരു സീറ്റ് നേടി അക്കൗണ്ട് തുറന്നു.