കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്ക്?; സിപിഐഎമ്മിന്റെ അനുമതി ലഭിക്കാതെ തീരുമാനമില്ലെന്ന് റസാഖ്

കോഴിക്കോട്: കൊടുവള്ളിയിലെ മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് ഐഎന്‍എല്ലില്‍ ചേരാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. സിപിഐഎമ്മിന്റെ അനുമതി ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്ന് ഇദ്ദേഹം മലയാള മനോരമയോട് പ്രതികരിച്ചു. ഐഎന്‍എല്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം കാരാട്ട് റസാഖുമായി ചര്‍ച്ച നടത്തുകയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

‘പാര്‍ട്ടിയിലേക്ക് ചേരാനായി ആര് ക്ഷണിച്ചാലും അതിനെ സ്വാഗതം ചെയ്യുക എന്നത് സ്വാഭാവികമാണ്. ഐഎന്‍എലിന്റെ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറുമാണ് എന്നെ സമീപിച്ച് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. ഞാന്‍ ഇടതുപക്ഷ സഹയാത്രികനാണെന്നും സിപിഐഎമ്മിന്റെ അനുമതിയില്ലാതെ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നുമാണ് ഞാന്‍ അവരോട് പറഞ്ഞിരിക്കുന്നത്’, കാരാട്ട് റസാഖ് പറയുന്നതിങ്ങനെ.

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയെക്കുറിച്ചും റസാഖ് പ്രതികരിച്ചു. ‘കൊടുവള്ളിയില്‍ വോട്ട് ചോര്‍ന്നിട്ടുണ്ട് എന്നത് തെരഞ്ഞെടുപ്പിന് പിന്നാലെത്തന്നെ മനസിലാക്കിയതാണ്. പിന്നീട് പത്രവാര്‍ത്തകള്‍ കണ്ടു. എന്‍.എസ്.സി ഇല്ലാത്തതുകൊണ്ടാണ് വോട്ട് ചോര്‍ന്നതെന്ന് എന്‍.എസ്.സിയുടെ പഴയ സംസ്ഥാന പ്രസിഡന്റും വിമത ഐഎന്‍എല്‍ വിഭാഗം വോട്ട് ചെയ്തിട്ടില്ലെന്ന് ഐഎന്‍എല്ലും ഫല പ്രഖ്യാപനത്തിന് ശേഷം പ്രസ്താവനകളിറക്കി. ഈ രണ്ട് പ്രസ്താവനങ്ങളും പരിഗണിക്കുകയാണെങ്കില്‍ എന്റെ പരാജയത്തിന്റെ കാരണം ഇവയായിരിക്കാമെന്ന് അനുമാനിക്കാനാവും. വോട്ട് ചോരുന്നതിന് പിന്നിലൊരു ഗൂഢാലോചനയുണ്ടാവും. അല്ലാത്തപക്ഷം ഇടതുപക്ഷത്തിന് കിട്ടേണ്ട വോട്ടുകള്‍ പൂര്‍ണമായും ലഭിക്കേണ്ടതായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐഎമ്മിന് വാക്കാല്‍ പരാതി നല്‍കിയിരുന്നു. അതില്‍ പാര്‍ട്ടി നടപടിയെടുത്തോ എന്ന കാര്യം അറിയില്ല’, അദ്ദേഹം പറഞ്ഞു.

നേരത്തെ മുസ്ലിം ലീഗ് നേതാവായിരുന്ന റസാഖ് ലീഗ് നേതൃത്വവുമായി ഇടഞ്ഞതിന് പിന്നാലെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കൊടിവള്ളിയില്‍നിന്നും മത്സരിച്ചെങ്കിലും ഡോ എം.കെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കാരാട്ട് റസാഖുമായി യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളെത്തി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയെന്ന് റസാഖ് തന്നെയായിരുന്നു വെളിപ്പെടുത്തിയത്. എന്നാല്‍, പ്രാദേശിക നേതൃത്വവുമായുള്ള ഇടച്ചില്‍ തുടരുന്നതിനാല്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോയിരുന്നില്ല.