കോണ്‍ഗ്രസിന്റെ പ്രശാന്ത് കിഷോറായി നരേഷ് അറോറ; രാഷ്ട്രീയ തന്ത്രജ്ഞന് കൈകൊടുത്ത് കര്‍ണാടക കോണ്‍ഗ്രസ്

ബംഗളൂരു; രണ്ട് വര്‍ഷം കഴിഞ്ഞ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ മൊഹാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ ബോക്‌സുമായി കൈകൊടുത്ത് കര്‍ണാടക കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡികെ ശിവകുമാറാണ് രാഷ്ട്രീയ തന്ത്രജ്ഞന്‍ നരേഷ് അറോറ നയിക്കുന്ന ഡിസൈന്‍ ബോക്‌സുമായുള്ള ബന്ധത്തിന് പച്ചക്കൊടി വീശിയത്.

കൊവിഡ് മഹാമാരി കാലത്ത് കോണ്‍ഗ്രസ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന തോന്നല്‍ ജനങ്ങളിലുണ്ടാവുന്ന പ്രവര്‍ത്തനങ്ങളിലാണ് ഡിസൈന്‍ ബോക്‌സ് ഇപ്പോള്‍ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ‘വാക്‌സിനേഷന്‍ ഇനി കോണ്‍ഗ്രസ് നടത്താം’, ‘100 കോടിയുടെ കൊവിഡ് പദ്ധതി എന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നത്.

2016 മുതല്‍ ആറ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടി ഡിസൈന്‍ ബോക്‌സ് പ്രചരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍, അസം സംസ്ഥാനങ്ങളിലാണ് നരേഷ് അറോറയും സംഘവും പ്രവര്‍ത്തിച്ചത്.

ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് നരേഷ് അറോറയുടെ കമ്പനി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം മുതലെ ഡികെ ശിവകുമാര്‍ നരേഷ് അറോയുമായി ബന്ധപ്പെടുന്നുണ്ട്.

അതേ സമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്ന ചോദ്യം കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നമാണ്. സിദ്ധരാമയ്യയെ ഒരു വിഭാഗവും ഡികെ ശിവകുമാറിനെ മറുവിഭാഗവും പിന്തുണക്കുന്നു.