മയക്കുമരുന്ന് ഇടപാട്: കന്നഡ സിനിമാലോകത്തെ പ്രമുഖര്‍ അറസ്റ്റില്‍

കന്നഡ സിനിമാലോകത്തെ പ്രമുഖര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. നടിയും മോഡലും കോസ്‌മെറ്റിക് ഉല്‍പന്ന നിര്‍മ്മാതാവുമായ സോണിയ അഗര്‍വാള്‍, ഡിജെ വചന്‍ ചിന്നപ്പ, യുവ സംരഭകന്‍ ഭരത് എന്നിവരാണ് ബെംഗളുരു ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. മൂവരുടേയും വീടുകളിലും ഓഫീസുകളിലുമായി കര്‍ണാടക പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. മയക്കുമരുന്ന് കേസില്‍ കുറച്ച് ദിവസം മുന്‍പ് അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി നല്‍കിയ വിവരങ്ങളേത്തുടര്‍ന്നാണ് പൊലീസ് നടപടി.

രാജാജി നഗര്‍, ബെന്‍സണ്‍ ടൗണ്‍, പദ്മനാഭാനഗര്‍, ബനഷങ്കരി എന്നിവിടങ്ങളില്‍ അതിരാവിലെ മുതലാണ് പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ ആരംഭിച്ചത്. ഭരത്, ചിന്നപ്പ എന്നിവരെ വീടുകളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സോണിയാ അഗര്‍വാള്‍ വീട്ടിലില്ലാതിരുന്നതിനാല്‍ പിതാവിനേക്കൊണ്ട് റൂം തുറപ്പിച്ചു. പരിശോധനക്കിടെ 40 ഗ്രാം കഞ്ചാവ് നടിയുടെ മുറിയില്‍ നിന്ന് കണ്ടെത്തി. നഗരത്തിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്ന് നടിയെ പിന്നീട് അറസ്റ്റ് ചെയ്തു. പിടിയിലായവരുടെ വീടുകളില്‍ നിന്നെല്ലാം കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കണ്ടെത്തിയെന്ന് പോലീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഓഗസ്റ്റ് 12ന് തോമസ് എന്ന നൈജീരിയന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 15.5 ലക്ഷം വിലമതിക്കുന്ന എക്സ്റ്റസി ഇയാളില്‍ നിന്ന് കണ്ടെടുക്കുകയുണ്ടായി. കോളേജ് വിദ്യാര്‍ത്ഥികളും ടെക്കികളുമാണ് തന്റെ പ്രധാന ഉപഭോക്താക്കളെന്നാണ് തോമസ് പൊലീസിനോട് ആദ്യം പറഞ്ഞത്. എക്സ്റ്റസി ഗുളിക ഒരെണ്ണം 3,000 രൂപയ്ക്കും കൊക്കെയ്ന്‍ ഗ്രാമിന് 15,000 രൂപയ്ക്കുമാണ് ഇയാള്‍ വിറ്റിരുന്നത്. തോമസിന്റെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് സിനിമാലോകത്തെ പ്രമുഖരുമായുള്ള ബന്ധത്തിന്റെ സൂചന ലഭിച്ചത്. സോണിയ അഗര്‍വാള്‍, ഭരത്, വചന്‍ ചിന്നപ്പ എന്നിവരുമായുള്ള തോമസിന്റെ ഇടപാടുകളേക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. മൂന്ന് പേരും ചേര്‍ന്ന് സെലിബ്രിറ്റികള്‍, സിനിമാ താരങ്ങള്‍, ബെംഗളുരു നഗരത്തിലെ സമ്പന്നര്‍ തുടങ്ങിയവര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി ആരോപണമുണ്ട്. അറസ്റ്റിലായവര്‍ തങ്ങളുടെ വീടുകളില്‍ റേവ് പാര്‍ട്ടികള്‍ നടത്തിയിരുന്നതായും പൊലീസ് പറയുന്നു.