‘ഞങ്ങള്‍ ഇന്ത്യക്കാരല്ലേ?’; പാകിസ്താനോടുള്ള ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണം

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം പാകിസ്താനോട് തോറ്റതിന് പിന്നാലെ പഞ്ചാബിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണം. സംഗ്രൂരിലെ എഞ്ചിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നേരെയാണ് ആക്രമണമുണ്ടായത്. പൊലീസെത്തിയതിന് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായത്.

‘ഞങ്ങള്‍ മത്സരം കാണുകയായിരുന്നു. അതിനിടയിലേക്ക് യു.പി സ്വദേശികളായ ചിലര്‍ ഇരച്ചെത്തി. ഞങ്ങളിവിടെ പഠിക്കാനായാണ് എത്തിയത്. ഞങ്ങളും ഇന്ത്യക്കാരാണ്. എന്നിട്ട് അവര്‍ ഞങ്ങളോട് ചെയ്യുന്നതെന്താണെന്ന് നോക്കൂ. ഞങ്ങള്‍ ഇന്ത്യക്കാരല്ലെന്നാണോ? അപ്പോള്‍ മോഡിയെന്താണ് പറയുന്നത്?’, അക്രമികള്‍ തകര്‍ത്ത മുറി ചൂണ്ടിക്കാട്ടി ഒരു കശ്മീരി വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചിരുന്നു. കൈയ്യില്‍ സ്റ്റമ്പുകളുമായി നില്‍ക്കുന്ന ഒരു കൂട്ടമാളുകള്‍ ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് പിന്നാലെ ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ട്വന്റി 20 ലോകകപ്പിലെ ആദ്യമത്സരത്തില്‍ 10 വിക്കറ്റിനാണ് പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് തോല്‍ക്കുന്നത്.