മന്ത്രിയെ സൈഡിലിരുത്തി അദാനി ഗ്രൂപ്പുമായി കാസിം ഇരിക്കൂറിന്റെ മീറ്റിങ്; അഹമ്മദ് ദേവര്‍കോവിലിനെതിരെ മുന്നണിയിലും പാര്‍ട്ടിയിലും എതിര്‍പ്പ്

തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അദാനി ഗ്രൂപ്പുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയത് വിവാദത്തില്‍. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറാണ് അദാനി ഗ്രൂപ്പുമായുള്ള രഹസ്യചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. രണ്ടാഴ്ച്ച മുന്‍പ് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലില്‍ വെച്ച് നടന്ന രഹസ്യചര്‍ച്ചയേക്കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ അമര്‍ഷം പ്രകടിപ്പിച്ചതോടെ ഐഎന്‍എല്ലിലും ഇടതുമുന്നണിയിലും കാസിം ഇരിക്കൂറിനെതിരെ കടുത്ത എതിര്‍പ്പാണുയരുന്നത്. ചര്‍ച്ച നടത്താന്‍ പോകുന്നത് അദാനി ഗ്രൂപ്പുമായിട്ടാണെന്ന കാര്യം കാസിം ഇരിക്കൂര്‍ മന്ത്രിയോട് മറച്ചുവെച്ചെന്നാണ് ഐഎന്‍എല്ലിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

പല കാരണങ്ങളാല്‍ നിര്‍മ്മാണം പ്രതിസന്ധിയിലായ വിഴിഞ്ഞം തുറമുഖമാണോ ചര്‍ച്ചയില്‍ വിഷയമായതെന്ന് വ്യക്തമല്ല. യോഗത്തേക്കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ശാസിച്ചിരുന്നു. ഐഎന്‍എല്ലിന്റെ ഏക എംഎല്‍എയും മന്ത്രിയുമായ അഹമ്മദ് ദേവര്‍ കോവിലിനെ മുന്‍നിര്‍ത്തി കാസിം ഇരിക്കൂര്‍ വഴിവിട്ട പല നീക്കങ്ങളും നടത്തുന്നതായി പാര്‍ട്ടിയില്‍ തന്നെ പരാതിയുണ്ട്. നേതൃത്വവുമായി ആശയവിനിമയം പോലും നടത്താതെ കാസിം ഇരിക്കൂര്‍ അകന്നുനില്‍ക്കുകയാണെന്നും ഐഎന്‍എല്ലില്‍ വിമര്‍ശനമുണ്ട്.

അഹമ്മദ് ദേവര്‍കോവിലിനെതിരെ സിപിഐഎം കോഴിക്കോട് ജില്ലാ നേതൃത്വവും രംഗത്തെത്തി. മുന്നണിയെ അറിയിക്കാതേയും ചര്‍ച്ച ചെയ്യാതേയും മന്ത്രി സംശയാസ്പദമായ ഇടപെടലുകള്‍ നടത്തുകയാണെന്നാണ് ആക്ഷേപം. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിനെ കാണാന്‍ അഹമ്മദ് ദേവര്‍കോവില്‍ പോയതും യുഡിഎഫ് നേതാവിനെ ഒപ്പം കൂട്ടിയതും പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

മുന്നണിയിലെ ധാരണപ്രകാരം രണ്ടര വര്‍ഷത്തേക്കാണ് ഐഎന്‍എല്ലിന് മന്ത്രി പദവി ലഭിക്കുക. വിഴിഞ്ഞം തുറമുഖം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പദവിയേറ്റ് ആഴ്ച്ചകള്‍ക്കകം അഹമ്മദ് ദേവര്‍കോവില്‍ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് മൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് വൈകാതെ പരിഹരിക്കും. സ്വപ്‌നപദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനാകും ആദ്യ പരിഗണന. തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കം വര്‍ധിക്കുന്നതോടെ കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയും. വികസനത്തിന് സാമ്പത്തിക പ്രതിസന്ധി തടസമാകില്ലെന്നും അഹമ്മദ് ദേവര്‍ കോവില്‍ പ്രസ്താവിച്ചിരുന്നു.