‘ആ ചുവരെഴുത്ത് വായിച്ചിരുന്നെങ്കില്‍ ഈ പരാജയമുണ്ടാവില്ലായിരുന്നു’; കെപിസിസി ഭാരവാഹികളെ ആര്‍ക്കും അറിയില്ല, കടുപ്പിച്ച് കെസി ജോസഫ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് എ ഗ്രൂപ്പ്. പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്ന് കെസി ജോസഫ് വ്യക്തമാക്കി. രാഷ്ട്രീയകാര്യസമിതി ഉടന്‍ വിളിച്ചുചേര്‍ക്കണം. നേതൃത്വം ല്‍കിയവര്‍ക്ക് തോല്‍വിയില്‍ ഉത്തരവാദിത്വം ഉണ്ടെന്നും കെസി ജോസഫ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘2016ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നേരിട്ട വിവാദങ്ങളും പ്രശ്‌നങ്ങളുമെല്ലാം ഉണ്ടായപ്പോഴും ലഭിച്ചതിനേക്കാള്‍ കോണ്‍ഗ്രസിന് സീറ്റ് താഴേക്കുപോയി. അത് എന്തുകൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. കാരണം, പരിശോധിച്ച് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഭാവി ഇരുളടഞ്ഞതായിരിക്കും’, കെസി ജോസഫ് പറഞ്ഞു.

തൊലിപ്പുറത്തെ ചികിത്സ ഒരിക്കലും പരിഹാര മാര്‍ഗമല്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തില്‍ കോണ്‍ഗ്രസ് മതിമറന്നുപോയി. എല്ലാം നമ്മുടെ വഴിക്കാണെന്ന് ധരിച്ചു. പക്ഷേ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം എന്തുകൊണ്ടാണെന്നുപോലും പരിശോധിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കാതെപോയി. ആ പരാജയത്തിന് ശേഷം ആഴത്തിലുള്ള പഠനം പോലും കോണ്‍ഗ്രസ് നടത്തിയില്ല എന്നതാണ് നിര്‍ഭാഗ്യകരമായ കാര്യം. അന്ന് പ്രാദേശിക തെരഞ്ഞെടുപ്പാണ്, കക്ഷി ബന്ധങ്ങളല്ല, വ്യക്തികളുടെ സ്വാധീനമാണ് എന്നൊക്കെയുള്ള ഓരോരോ ന്യായീകരണങ്ങള്‍ നടത്തുകയാണ് ചെയ്തത്. ഇതൊക്കെ പറഞ്ഞ് ആ പരാജയത്തെ മൂടിവെക്കാനാണ് ശ്രമിച്ചത്. അത് വലിയ പരാജയമായിപ്പോയെന്നും കെസി ജോസഫ് ചൂണ്ടിക്കാട്ടി.

അന്നുതന്നെ ഈ ചുവരെഴുത്ത് വായിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഈ പരാജയം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യമാണ് ഈ പരാജയത്തിന്റെ മുഖ്യ കാരണം. അടിയന്തിരമായി മത്സരിച്ച സ്ഥാനാര്‍ത്ഥികളോടും 14 ഡിസിസി പ്രസിഡന്റുമാരോടും റിപ്പോര്‍ട്ട് വാങ്ങണം എന്നാണ് എന്റെ അഭിപ്രായം. അടിയന്തിരമായി കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി യോഗം ചേരണം’, കെസി ജോസഫ് ആവശ്യപ്പെട്ടു.

താഴെത്തട്ടില്‍ ജംബോ കമ്മറ്റികളാണ്. ഡിസിസിയിലെ ഭാരവാഹികള്‍ക്ക് ആരോടും ഉത്തരം പറയേണ്ട ബാധ്യതയില്ലാത്ത അവസ്ഥയാണ്. കെപിസിസി ഭാരവാഹികളെ ആര്‍ക്കും കണ്ടാല്‍ പോലും അറിയില്ല. ആരാണ് ജനറല്‍ സെക്രട്ടറി, ആരാണ് വൈസ് പ്രസിഡന്റ് എന്നൊന്നും ആര്‍ക്കും അറിയില്ല. ഒരു മേജര്‍ ഓപ്പറേഷന്‍ കോണ്‍ഗ്രസിന് ആവശ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു. എന്ത് മാറ്റമാണോ ആവശ്യം ആ മാറ്റമുണ്ടാക്കാന്‍ ഹൈക്കമാന്‍ഡ് ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.