ട്രബിൾഷൂട്ടറിന്റെ റോളിൽ വീണ്ടും കെസി വേണുഗോപാൽ; തെലങ്കാനയും പഞ്ചാബും പിന്നിട്ട് ഇനി രാജസ്ഥാൻ

ഹരിയാനയിലെയും പഞ്ചാബിലെയും ഉൾപ്പാർട്ടി പ്രതിസന്ധികൾ പരിഹരിച്ച കോൺഗ്രസ് രാജസ്ഥാനിലെ ആഭ്യന്തര കലഹങ്ങൾ പരിഹരിക്കുന്നതിനുള്ള ഫോർമുലകൾ തയ്യാറാക്കുകയാണ്. രാജസ്ഥാന്റെ ചുമതലയുള്ള അജയ് മാക്കനും ദേശീയ ജനറൽ സെക്രെട്ടറി കെ സി വേണുഗോപാലും ജയ്‌പ്പൂരിലെത്തി കോൺഗ്രസ് എംഎൽഎമാരുമായി തിങ്കളാഴ്ച്ച ചർച്ചകൾ നടത്തി. ബുധനാഴ്ച്ച മന്ത്രിസഭാ വിപുലീകരണം നടത്താൻ തീരുമാനമായതായും സൂചനകളുണ്ട്. അടുത്ത കുറച്ച് ദിവസത്തേക്ക് ജയ്‌പൂർ വിട്ട് പോകരുതെന്നും പാർട്ടി നേതാക്കളോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിൽ കുറച്ചധികനാളായി നിലനിൽക്കുന്ന പ്രശ്നങ്ങൾ വീണ്ടും ശക്തിപ്പെട്ടതാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധിയുടെ കാരണം. വേണുഗോപാലും അജയ് മാക്കനും അശോക് ഗെഹ്‌ലോട്ടുമായും കൂടിക്കാഴ്ച്ച നടത്തി. മന്ത്രിസഭാ വിപുലീകരണം വൈകുന്നതിൽ സച്ചിൻ പൈലറ്റ് ക്യാമ്പ് അസ്വസ്ഥമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാരെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സാധ്യത. എന്നാൽ സച്ചിൻ പൈലറ്റിനെ എഐസിസി ജനറൽ സെക്രട്ടറിയാകാൻ ആലോചിക്കുന്നതായും സൂചനകളുണ്ട്.

നേരത്തെ തെലങ്കാനയിലും, പിന്നീട് ഹരിയാനയിലും രണ്ടുദിവസം മുൻപ് പഞ്ചാബിലെയും കോൺഗ്രസ് കലഹങ്ങൾ പരിഹരിക്കുകയും രാജസ്ഥാനിൽ ചർച്ചകൾക്ക് ആരംഭിക്കുകയും ചെയ്‌തതോടെ അനുരഞ്ജനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന ദേശീയ നേതാവെന്ന നിലയിൽ ശ്രദ്ധാകേന്ദ്രമാകുകയാണ് കെസി വേണുഗോപാൽ. രാജസ്ഥാനിൽ മാസങ്ങളായി നിലനിൽക്കുന്ന ആഭ്യന്തര പ്രശ്‍നങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങിയതോടെയാണ് പ്രശ്‌നപരിഹാരത്തിനായി ഹൈക്കമാന്റിന്റെ പ്രത്യേക പ്രതിനിധിയായി സോണിയാ ഗാന്ധി വേണുഗോപാലിനെ നിയോഗിച്ചത്. വാളോങ്ങിനിൽക്കുന്ന ഗെഹ്‌ലോട്ടിനെയും യുവ നേതാവ് സച്ചിൻ പൈലറ്റിനെയും ഒരു മേശക്കുചുറ്റുമിരുത്തി പ്രശ്‌നം പരിഹരിക്കുക എന്നതാണ് വേണുഗോപാലിന്റെ രാജസ്ഥാൻ ദൗത്യം. ഇരു നേതാക്കളുമായി വേണുഗോപാലിനുള്ള വ്യക്തി ബന്ധങ്ങളും പ്രശ്‌നപരിഹാരം എളുപ്പമാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം അനുമാനിക്കുന്നത്.

നേരത്തെ രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് തര്‍ക്കം ഉണ്ടായപ്പോള്‍ പ്രത്യേക നിരീക്ഷകന്‍ കെ സി വേണുഗോപാൽ തന്നെയായിരുന്നു. അന്ന് രമ്യമായ് പ്രശ്‌നം പരിഹരിച്ചെങ്കിലും പിന്നീട് ഇരുവിഭാഗവും തമ്മില്‍ ശീതസമരം തുടരുകയായിരുന്നു. കോണ്‍ഗ്രസിന് ഭരണവും സഘടനാ ശക്തിയുമുള്ള സംസ്ഥാനമെന്ന നിലയില്‍ രാജസ്ഥാനിലെ പ്രതിസന്ധി ഹൈക്കമാന്‍ഡ് ഗൗരവമായാണ് കാണുന്നത്. ഇടഞ്ഞുനില്‍ക്കുന്ന സച്ചിനെ മെരുക്കുകയുംമന്ത്രിസഭാ പുന:സംഘടന നടത്തുകയും ഗെഹ്‌ലോട്ടിന്റെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കുകയും വേണമെന്നാണ് കെസി വേണുഗോപാലിനുള്ള നിർദേശം.

പഞ്ചാബിലും പ്രശ്‌നം പരിഹാരത്തിനായി പ്രിയങ്കാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയുമൊപ്പം ചര്‍ച്ചകളില്‍ കെ സി വേണുഗോപാൽ സജീവമായിരുന്നു. നവജ്യോത് സിങ് സിദ്ദുവുമായുള്ള വ്യക്തിബന്ധവും ക്യാപ്റ്റന്‍ അമരീന്ദന്‍ സിങുമായുള്ള ബന്ധവും ഫലപ്രദമായ് വിനിയോഗിച്ചാണ് സംസ്ഥാനത്ത് കെ സി വേണുഗോപാല്‍ പുതിയ ഫോര്‍മുല രൂപപ്പെടുത്തിയത്. മുതിർന്ന നേതാക്കളുടെ രാജിഭീഷണിയും മറ്റു പ്രതിസന്ധികളും അവഗണിച്ചാണ് തെലങ്കാനയില്‍ രണ്ടാഴ്ച മുമ്പ് എ രേവന്ത് റെഡ്ഡിയെ പി സി സി പ്രസിഡന്റായി നിയമിച്ചത്. പഞ്ചാബില്‍ നവജ്യോത് സിങ് സിദ്ദുവിനെയും അസമില്‍ ഭൂപന്‍ ബോറയെയും മണിപ്പൂരില്‍ ലോകെന്‍ സിങിനെയും ഉത്തരാഖണ്ഡില്‍ ഗണേഷ് ഗോദിയാലിനെയും നിയമിക്കുന്നതിലും പലവിധത്തിലുള്ള പ്രതിസന്ധികളുണ്ടായിരുന്നു. സീനിയര്‍ നേതാക്കളുടെ അതൃപ്തി പരിഹരിച്ചാണ് സംസ്ഥാനങ്ങളിൽ നേതൃമാറ്റം നടത്തിവരുന്നത്. നേരത്തെ മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും സഖ്യസർക്കാരുകളുടെ രൂപീകരണത്തിനും വേണുഗോപാൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ കെ സി വേണുഗോപാലിന് വര്‍ധിച്ചുവരുന്ന സ്വാധീനത്തിന്റെ തെളിവാണ് രാജസ്ഥാനിലും പഞ്ചാബും നല്‍കിയ പ്രത്യേക ദൗത്യങ്ങള്‍ എന്നാണ് അദ്ദേഹത്തിന്റെ അനുകൂലികൾ അവകാശപ്പെടുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും സീനിയര്‍ നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് പുതിയ നേതൃത്വത്തെ അവരോധിക്കുന്നതിലും തലമുറമാറ്റത്തിലും സോണിയാഗാന്ധി തീരുമാനങ്ങള്‍ നടപ്പാക്കുന്നത് കെ സി വേണുഗോപാലിലൂടെയാണ് എന്നതും ഈ അഭിപ്രായത്തിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന ഘടകങ്ങളിൽ അഭിപ്രായവത്യാസങ്ങൾ മൂലം നീണ്ടുപോയിരുന്ന പുനഃസംഘടന പ്രക്രിയകൾ ഒന്നൊന്നായി ഹൈക്കമാൻഡ് പരിഹരിച്ചുവരികയാണ് . രാഹുൽ ഗാന്ധിയും പ്രിയങ്കയും നേരിട്ട് പരിഹാരനടപടികൾക്കു നേതൃത്വം നൽകുമ്പോൾ കെ സി വേണുഗോപാലാണ് ഹൈക്കമാൻഡിന്റെ താല്പര്യങ്ങളും പരിഹാര ഫോർമുലകളും സംസ്ഥാന നേതാക്കന്മാരുമായി പങ്കുവയ്ക്കുന്നതും തീരുമാനങ്ങളെടുക്കാൻ വേണ്ട കളമൊരുക്കുന്നതും.

കർണാടകത്തിൻറെ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി എന്ന നിലയിൽ ജനതാദൾ എസ്സുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിച്ചതോടെയാണ് വേണുഗോപാൽ ദേശീയ രാഷ്ട്രീയത്തിൽ സുപ്രധാനകേന്ദ്രമായി മാറിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ ശബ്ദത്തെ സാമഗ്രമാക്കുന്നതിനും രാജ്യസഭയിലെ പാർലമെൻററി പാർട്ടി ഏകോപനത്തിനും സോണിയാ ഗാന്ധിയോടൊപ്പം വേണുഗോപാലുണ്ട്.