ടിആർഎസ് ഇനി ബിആർഎസ്; ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് കെസിആർ

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ആദ്യപടിയായി തെലങ്കാന രാഷ്ട്രസമിതിയെ ഭാരത് രാഷ്ട്ര സമിതിയെന്ന ദേശീയ പാർട്ടിയാക്കി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. ബുധനാഴ്ച ഉച്ചയ്ക്ക് 1.19 ന് ടിആർഎസ് ആസ്ഥാനത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്ന ദേശീയ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ജെഡിഎസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമിയും 20 ജെഡിഎസ് എംഎൽഎമാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ടിആർഎസിനെ പുതിയ പാർട്ടിയിൽ ലയിപ്പിക്കാനുള്ള പ്രമേയം പാർട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും മറ്റ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പാസാക്കിയതിന് പിന്നാലെയാണ് നടപടി. പ്രമേയം അടുത്ത രണ്ടുദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അയയ്ക്കും.

2019 ൽ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത് സംബന്ധിച്ച സൂചന നല്‍കിയ കെസിആർ ഈ വർഷം ഏപ്രിലിലാണ് ദേശീയ പാർട്ടി രൂപീകരണത്തെക്കുറിച്ചുള്ള പദ്ധതി വെളിപ്പെടുത്തിയത്. 2024 പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ വർഷം പാർട്ടി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയ്ക്ക് പുറത്തും ബിആർഎസ് സ്ഥാനാർത്ഥികള്‍ മത്സരിക്കും. ഇതിന്റെ ഭാഗമായി ഒക്ടോബർ ഒൻപതിന് പൊതുസമ്മേളനം ചേരുന്നുണ്ട്. ദേശീയ തലത്തിൽ പ്രതിപക്ഷത്തിന്റെ വിടവ് നികത്തുമെന്നാണ് കെസിആറിന്റെ പ്രഖ്യാപനം.

ഈ നീക്കത്തിന്റെ ഭാഗമായി പ്രതിപക്ഷ ചേരിയിലുള്ള, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് എന്നിവരുമായി തെലങ്കാന മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കുക എന്ന ലക്ഷ്യമാണ് ബിആർഎസും മുന്നോട്ടുവയ്ക്കുന്നത്.