എറണാകുളം: പുതിയ സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമായ ക്ലബ്ഹൗസില്‍ സംഘടനയുടെ പേരില്‍ നടക്കുന്ന ചര്‍ച്ചകളുമായി യാതൊരു ബന്ധവുമില്ലെന്ന് ക്രിസ്ത്യന്‍ യുവജന സംഘടനായ കെസിവൈഎം. ക്ലബ്ഹൗസ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ കെസിവൈഎമ്മിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ രൂപീകരിച്ച് തെറ്റായ ആശയങ്ങളും സന്ദേശങ്ങലും പ്രചരിപ്പിക്കുന്നത് സംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കത്തോലിക്കാ സഭയുമായി ബന്ധമില്ലാത്തതും വര്‍ഗ്ഗീയ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്നതുമായ ചില സംഘടനകള്‍ ക്രിസ്ത്യന്‍ കോഡിനേഷന്‍ കൗണ്‍സില്‍ എന്ന കമ്മിറ്റി രൂപീകരിച്ചാണ് വര്‍ഗ്ഗീയ പ്രചരണങ്ങള്‍ നടത്തുന്നതെന്നും കെസിവൈഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
‘അടുത്തകാലത്തായി രൂപീകരിച്ച ഇത്തരം അക്കൗണ്ടുകളുമായോ കൂട്ടായ്മകളുമായോ കെസിവൈഎം സംസ്ഥാന സമിതിക്കോ സംഘടനയുടെ രൂപത, ഫൊറോന, യൂണിറ്റ് നേതൃത്വങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. ക്രിസ്ത്യന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലുമായി എകെസിസിക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രതിനിധികളുടെ ഉറപ്പ് ലഭിച്ചിട്ടുണ്ട്. യുവജനങ്ങള്‍ സജീവമായ ഇത്തരം സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുളില് നിശ്ചിത അജണ്ടകളോടെയാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്’, കെസിവൈഎം വിശദീകരിക്കുന്നതിങ്ങനെ.
കഴിഞ്ഞ ദിവസം ‘ക്രിസ്ത്യന്‍ യുവാക്കളേ ഇതിലേ, കെസിവൈഎം’ എന്ന തലക്കെട്ടോടെ ക്ലബ്ഹൗസില്‍ ചര്‍ച്ച നടന്നിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും നാലായിരത്തോളം ക്രിസ്ത്യന്‍ യുവതികള്‍ ലൗ ജിഹാദിന് ഇരയായിട്ടുണ്ടെന്നുമുള്ള ചര്‍ച്ചയായിരുന്നു ഇത്. ഇതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വലിയ ആരോപണങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കെസിവൈഎം രംഗത്തെത്തിയിരിക്കുന്നത്.
ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വര്‍ഗ്ഗീയ അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ കെസിവൈഎം പ്രസ്ഥാനത്തിനെതിരെ നടത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ വിചിന്തനം ചെയ്യണമെന്നും കെസിവൈഎം പത്രക്കുറിപ്പില്‍ പറയുന്നു. എന്താണ് കെസിവൈഎം എന്നും, എന്താണ് സംഘടനയുടെ ആപ്തവാക്യമെന്നും വിശദീകരിച്ചാണ് പ്രസ്ഥാവന.

‘വ്യാജ കെസിവൈഎമ്മിന്റെ പേരിലുള്ള ക്ലബ്ഹൗസില്‍ അടിസ്ഥാന രഹിതമായ ഒരുപാട് ആരോപണങ്ങള്‍ സംഘടനയുടെ സംസ്ഥാന സമിതിക്ക് നേരെ ഉന്നയിക്കുകയുണ്ടായി. ഈ ചര്‍ച്ചകളില്‍ കത്തോലിക്കാ സഭ നേരിടുന്ന പ്രശ്നങ്ങള്‍ എന്നനിലയില്‍ ഉന്നയിച്ചത് ലൗജിഹാദ്, ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ അനുപാതം, ഇസ്രയേല്‍-പലസ്തീന് വിഷയം എന്നിവയാണ്. ഒന്നുശ്രദ്ധിച്ചാല്‍ ഇവ മൂന്നും ഒരു മതവിഭാഗവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് മനസിലാവും. എന്തുകൊണ്ട് ഇത്തരത്തിലുള്ളവര്‍ ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രം സംസാരിക്കുന്നു എന്നുള്ളത് സര്‍പ്പത്തിന്റെ വിവേകത്തോടെ മനസിലാക്കേണ്ട കാര്യമാണ്’, വാര്‍ത്താക്കുറിപ്പില്‍ സംഘടന വ്യക്തമാക്കി.
ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാത്രമാണ് യേശു ഭൂമിയില്‍ വന്നത് എന്ന് ആരെങ്കിലും നിങ്ങളെ പഠിപ്പിക്കുന്നുണ്ടെങ്കില്‍ അവരെ തിരുത്തേണ്ട സമയം അതിക്രമിച്ചെന്നും മതസൗഹാര്‍ദ്ദ കേരളം എന്നും നിലനില്ക്കണമെന്നും വിഭാഗീയ ശക്തികളെ ഒറ്റപ്പെടുത്തണമെന്നുമുള്ള അടിക്കുറിപ്പോടെയാണ് വാര്‍ത്താക്കുറിപ്പ്.