‘മനോവീര്യം കൈവിടരുത്’; യുഡിഎഫ് പോളിങ്ങ് ഏജന്റുമാര്‍ക്ക് രമേശ് ചെന്നിത്തലയുടെ അടിയന്തര സര്‍ക്കുലര്‍

ഭൂരിഭാഗം എക്‌സിറ്റ് പോളുകളും എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ചതിന് പിന്നാലെ യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റുമാര്‍ക്കും കൗണ്ടിങ്ങ് ഏജന്റുമാര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സര്‍ക്കുലര്‍. മനോവീര്യം നഷ്ടപ്പെടരുതെന്ന് നിര്‍ദ്ദേശിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടല്‍. യുഡിഎഫിനെതിരായ ബോധപൂര്‍വ്വമായ നീക്കമാണിതെന്ന് ചെന്നിത്തല സര്‍ക്കുലറില്‍ പറയുന്നു.

ഈ ചതിക്കുഴിയില്‍ പ്രവര്‍ത്തകര്‍ വീഴരുത്. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തിയ അവസാനത്തെ അടവാണിത്.

രമേശ് ചെന്നിത്തല

വോട്ടെണ്ണല്‍ അവസാനിച്ച് ഫലം പ്രഖ്യാപിക്കുന്നതുവരെ ദൃഢനിശ്ചയത്തോടെ കൗണ്ടിങ്ങ് കേന്ദ്രങ്ങളില്‍ തുടരണം. യുഡിഎഫിന് ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ ചിഹ്നം ഒട്ടിച്ച ട്രേയില്‍ തന്നെയാണ് നിക്ഷേപിക്കുന്നതെന്ന് ഉറപ്പുവരുത്തണം. യുഡിഎഫിന് അനുകൂലമല്ലാതെ നേരിയ മാര്‍ജിനില്‍ ഫലം വന്നാല്‍ റീ കൗണ്ടിങ്ങ് ഉടന്‍ ആവശ്യപ്പെടണമെന്നും ചെന്നിത്തല പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു.

എക്‌സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ജനങ്ങളുടെ പൂര്‍ണ പിന്തുണ യുഡിഎഫിനാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍വ്വേകളും എക്‌സിറ്റ് പോളുകളും ജനവികാരത്തിന്റെ പ്രതിഫലനമല്ല. മുന്‍പ് യുഡിഎഫിനെതിരായി വന്ന ഇത്തരം പ്രവചനങ്ങള്‍ തെറ്റാണെന്ന് ഫലം വന്നപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇത് സംഭവിച്ചിട്ടുണ്ട്. യുഡിഎഫ് വന്‍ ഭൂരിപക്ഷം നേടും. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന പരാജിതന്റെ ആത്മവിശ്വാസമാണ്. അണയാന്‍ പോകുന്ന തീ ആളിക്കത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.

യുഡിഎഫ് കൗണ്ടിങ്ങ് ഏജന്റുമാരുടെ മനോവീര്യം തകര്‍ത്ത് തപാല്‍ വോട്ടുകളിലും കൗണ്ടിങ്ങ് കോളങ്ങളിലും കൃത്രിമം കാണിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കാണാന്‍ പോകുന്നത് യുഡിഎഫ് അനുകൂല തരംഗമാണ്. പ്രീ പോള്‍ സര്‍വ്വേകളില്‍ വലിയ ഭൂരിപക്ഷം പ്രവചിച്ചവര്‍ എക്‌സിറ്റ് പോളില്‍ നേരിയ വ്യത്യാസമേ ഉള്ളൂയെന്നാണ് കാണിച്ചതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണമുണ്ടാകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍ സര്‍വ്വേ ഫലം. എല്‍ഡിഎഫിന് 77 മുതല്‍ 86 സീറ്റ് വരെ ലഭിക്കും. യുഡിഎഫ് 52 മുതല്‍ 61 വരെ സീറ്റുകളില്‍ ഒതുങ്ങും. ബിജെപി രണ്ട് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടും. മറ്റുള്ളവര്‍ മൂന്ന് സീറ്റ് വരെ നേടിയേക്കാമെന്നും ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വ്വേ പ്രവചിക്കുന്നു. 42 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിക്കുക. യുഡിഎഫിന് 38 ശതമാനം വോട്ട് ലഭിക്കും. എന്‍ഡിഎയുടെ വോട്ട് വിഹിതം 17 ശതമാനം ആയിരിക്കുമെന്നും ഏഷ്യാനെറ്റ് നടത്തിയ സര്‍വ്വേ സൂചിപ്പിക്കുന്നു.

മനോരമ ന്യൂസ് – വിഎംആര്‍ എക്‌സിറ്റ് പോള്‍ സര്‍വ്വേയും ഭരണത്തുടര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 73 സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരം നിലനിര്‍ത്തും. യുഡിഎഫിന് 64 സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎ രണ്ട് മണ്ഡലങ്ങളിലും പി സി ജോര്‍ജിന്റെ കേരള ജനപക്ഷം ഒരിടത്തും ജയിക്കുമെന്ന് മനോരമയുടെ സര്‍വ്വേ പറയുന്നു.

സംസ്ഥാനത്ത് 104 മുതല്‍ 120 സീറ്റ് വരെ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നാണ് മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലം. യുഡിഎഫ് 20 മുതല്‍ 36 സീറ്റുകള്‍ എന്ന അവസ്ഥയിലേക്ക് ചുരുങ്ങും. എന്‍ഡിഎയും മറ്റുള്ളവരും രണ്ട് സീറ്റുകള്‍ വരെ നേടും. 47 ശതമാനം വോട്ടുവിഹിതമായിരിക്കും എല്‍ഡിഎഫിനുണ്ടാകുക. യുഡിഎഫിന് 38 ശതമാനവും എന്‍ഡിഎയ്ക്ക് 12 ശതമാനവും വോട്ടുകള്‍ ലഭിച്ചേക്കുമെന്ന് മാതൃഭൂമി നടത്തിയ സര്‍വ്വേ പ്രവചിക്കുന്നു.