സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി, അന്തിമ ഫലം ഉച്ചയോടെ; അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ, അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ന് ജനവിധി

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. അടുത്ത അഞ്ചു വര്‍ഷം കേരളം ഭരിക്കാന്‍ ജനം ആരെയാണ് തിരഞ്ഞെടുത്തതെന്ന് ഇന്നറിയാം. പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്‌സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ഫലം ഇന്ന് പുറത്ത് വരും.

രാവിലെ എട്ടുമണിക്കുതന്നെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ലീഡ് എല്‍ഡിഎഫിന് അനുകൂലമാണ്. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും.

പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. നാലര ലക്ഷത്തോളം പോസ്റ്റല്‍ വോട്ട് എണ്ണാനുള്ളത് കൊണ്ട് അന്തിമഫലം വൈകാനാണ് സാധ്യത. പത്ത് മണിയോടെ കേരളം ആര്‍ക്കൊപ്പമെന്ന ട്രെന്‍ഡ് വ്യക്തമാകും.

114 കേന്ദ്രങ്ങളിലായി 633 ഹാളുകളാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്. ഒരു റൗണ്ടില്‍ 21 ബൂത്തുകളിലെ വോട്ടെണ്ണം. 202,602 പോളിങ്ങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

വോട്ടെടുപ്പിന് ശേഷം വിവിധ ഏജന്‍സികള്‍ നടത്തിയ എക്സിറ്റ് പോളുകളില്‍ ഭൂരിഭാഗവും ഇടതുസര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ചില എക്സിറ്റ് പോളുകള്‍ യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന സാധ്യതയും തള്ളിക്കളയുന്നില്ല. ഭരണ നേട്ടങ്ങള്‍ പ്രതിഫലിക്കുമെന്ന് ഇടത് കേന്ദ്രങ്ങളും ഭരണവിരുദ്ധ വികാരമാവും വിധിയെഴുതുക എന്ന് യുഡിഎഫ് പാളയങ്ങളും പ്രതീക്ഷിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലൂടെയും കമ്മീഷന്റെയും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലൂടെയും വോട്ടെണ്ണല്‍ വിവരങ്ങള്‍ ലഭിക്കും. വോട്ടെണ്ണലിന്റെ ആദ്യ സൂചനകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള സോഫ്റ്റ് വെയറും പിന്‍വലിച്ചിരിക്കുകയാണ്.

കേരളത്തിനൊപ്പം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി നിയമസഭകളിലേക്കുള്ള വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്.