തിരുവനന്തപുരം: 15ാം നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കവെ, സംസ്ഥാനത്ത് ഇടതുതരംഗമെന്ന് ആദ്യ ഫലസൂചനകള്‍. പതിനൊന്നര വരെയുള്ള കണക്കനുസരിച്ച് 89 സീറ്റുകളുടെ മേല്‍ക്കൈയ്യാണ് എല്‍ഡിഎഫിനുള്ളത്. 46 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. മൂന്നിടത്ത് എന്‍ഡിഎയും മുന്നിലുണ്ട്.
തിരുവനന്തപുരത്ത് 12 സീറ്റുകളിലും എല്‍ഡിഎഫിനാണ് ലീഡ്. കൊല്ലത്ത് എട്ടും പത്തനംതിട്ടയില്‍ അഞ്ചും ആലപ്പുഴയില്‍ ആറും കോട്ടയത്ത് നാലും സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. കോട്ടയത്ത് അഞ്ച് സീറ്റുകളില്‍ യുഡിഎഫാണ് മുന്നില്‍. ഇടുക്കിയില്‍ എല്‍ഡിഎഫും യുഡിഎഫും യഥാക്രമം മൂന്നും രണ്ടും സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എറണാകുളത്ത് ഒമ്പതിടങ്ങളിലെ ലീഡോടെ യുഡിഎഫിനാണ് മേല്‍ക്കൈ. എല്‍ഡിഎഫ് അഞ്ചിടത്ത് ലീഡ് നിലനിര്‍ത്തിയിട്ടുണ്ട്.
തൃശൂരില്‍ എല്‍ഡിഎഫ് 12 സീറ്റുകളിലും എന്‍ഡിഎ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. ജില്ലയില്‍ ഒരു മണ്ഡലത്തില്‍ പോലും യുഡിഎഫ് നേട്ടമുണ്ടാക്കിയിട്ടില്ല. പാലക്കാട് ഒമ്പത് സീറ്റുകളില്‍ എല്ഡിഎറഫും രണ്ട് സീറ്റുകളില്‍ യുഡിഎഫും പോരാട്ടം തുടരുകയാണ്. ഒരു സീറ്റില്‍ എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നുണ്ട്.
മലപ്പുറത്ത് 12 സീറ്റുകള്‍ യുഡിഎഫ് തരംഗം വ്യക്തമാക്കുന്നുണ്ട്. എല്‍ഡിഎഫിന് നാല് സീറ്റുകളില്‍ മേല്‍ക്കൈയുണ്ട്. കോഴിക്കോട് 11 ഇടത്ത് എല്‍ഡിഎഫിനാണ് ലീഡ്. യുഡിഎഫിന് രണ്ട്. വയനാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ യുഡിഎഫും ഒരു സീറ്റില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. കണ്ണൂരില്‍ എല്‍ഡിഎഫിന് ഒമ്പത്, യുഡിഎഫിന് രണ്ട് എന്നിങ്ങനെയാണ് ലീഡ് നില. കാസര്‍കോട് യുഡിഎഫ് മൂന്നിടത്തും എല്‍ഡിഎഫ് രണ്ടിടത്തും മുന്നിലാണ്.
സംസ്ഥാനത്തെ ആദ്യ ഫലവും പുറത്തെത്തിയിട്ടുണ്ട്. ആദ്യജയം കോഴിക്കോട് പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണനാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ടിപി രാമകൃഷ്ണന് പേരാമ്പ്രയില്‍നിന്നും ജയം ഉറപ്പിത്തുന്നത്. ലീഗ് സ്വതന്ത്രന് സിഎച്ച് ഇബ്രാഹിംകുട്ടിയെയാണ് രാമകൃഷ്ണന് പരാജയപ്പെടുത്തിയത്.