വരുന്നത് ആര്‍ക്കും ജാതിവാലില്ലാത്ത നിയമസഭ; 27 ഈഴവ എംഎല്‍എമാരില്‍ 26ഉം എല്‍ഡിഎഫില്‍നിന്ന്

കൊച്ചി: 15ാം കേരള നിയമസഭയിലില്‍ എംഎല്‍എമാരുടെ പേര് വായിക്കുമ്പോള്‍ ഇക്കുറി ആര്‍ക്കും ജാതിവാലുണ്ടാവില്ല. 140 സമാജികരില്‍ ആര്‍ക്കും ജാതിപ്പേരില്ല. ചവറയിലെ എല്‍ഡിഎഫ് എംഎല്‍എ സുജിത് വിജയന്‍ പിള്ള മാത്രമാണ് ഈ പട്ടികയ്ക്ക് ഒരു അപവാദം.

സുജിത് വിജയന്‍ പിള്ള പ്രചരണം നടത്തിയതും ബാലറ്റില്‍ ചേര്‍ത്തതും ഈ പേരാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ സുജിത് വി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016ലെ നിയമസഭയില്‍, എസ് സുരേഷ് കുറുപ്പ്, എന്‍ വിജയന്‍ പിള്ള, കെകെ രാമചന്ദ്രന്‍ നായര്‍ എന്നിങ്ങനെ മൂന്നുപേരായിരുന്നു ജാതിപ്പേരുമായി എത്തിയത്. ഇതില്‍ രാമചന്ദ്രന്‍ നായരും വിജയന്‍ പിള്ളയും സഭാ കാലാവധി തീരുന്നതിന് മുമ്പേ അന്തരിച്ചു.

ഹിന്ദു വിഭാഗത്തില്‍നിന്ന് ഈഴവ, നായര്‍ ജാതിയില്‍നിന്നുള്ളവരാണ് ഇത്തവണ സഭയില്‍ കൂടുതല്‍. ആകെയുള്ള 27 ഈഴവ എംഎല്‍എമാരില്‍ 26 പേരും എല്‍ഡിഎഫില്‍നിന്നാണ്. തൃപ്പൂണിത്തറയില്‍നിന്നും ജയിച്ചെത്തിയ കെ ബാബു മാത്രമാണ് യുഡിഎഫിലെ ഈഴവ എംഎല്‍എ. ഇരുമുന്നണികളില്‍നിന്നുമായി നായര്‍ വിഭാഗത്തില്‍നിന്നും 20 പേരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പദ്മശാലിയ, ഗണക വിഭാഗങ്ങളില്‍നിന്നുള്ളവരുമുണ്ട്.

സംവരണ സീറ്റുകളില്‍നിന്നു മാത്രമാണ് എസ്‌സി, എസ്ടി പ്രാധിനിത്യമുള്ളത്. ആകെയുള്ള 16 സംവരണ മണ്ഡലങ്ങളില്‍ 14 ഇടത്തും എല്‍ഡിഎഫിനാണ് ജയം. കോണ്‍ഗ്രസില്‍നിന്നുള്ള ഐസി ബാലകൃഷ്ണനും എപി അനില്‍കുമാറും മാത്രമാണ് യുഡിഎഫിലെ ഈ വിഭാഗത്തില്‍നിന്നുള്ള എംഎല്‍എമാര്‍.