ചെന്നിത്തല പ്രതിപക്ഷ ബെഞ്ചിലെ രണ്ടാം നിരയില്‍; സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ വിഷ്ണുനാഥ്

തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ 15-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. അക്ഷരമാലാ ക്രമം അനുസരിച്ച് അംഗങ്ങള്‍ പ്രോടെം സ്പീക്കര്‍ പി ടി എ റഹീമിന്റെ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. 5 പുതുമുഖങ്ങളാണ് ഇന്ന് ആദ്യമായി സഭയില്‍ എത്തിയിരിക്കുന്നത്.

ക്വാറന്റീനില്‍ ആയതിനാല്‍ യു പ്രതിഭ (കായംകുളം), കെ ബാബു (നെന്മാറ), എം വിന്‍സെന്റ് (കോവളം) എന്നിവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.
പ്രതിപക്ഷ ബെഞ്ചില്‍ രണ്ടാം നിരയിലെ ആദ്യ സീറ്റിലാണ് രമേശ് ചെന്നിത്തലയുടെ ഇരിപ്പിടം. ാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക ഇന്ന് ഉച്ചവരെ നല്‍കാം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷാണ്. പ്രതിപക്ഷത്തുനിന്നും പിസി വിഷ്ണുനാഥ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കും.

കഴിഞ്ഞ നിയമസഭയിലെ 75 പേര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനു മുമ്പുള്ള മറ്റു നിയമസഭകളില്‍ അംഗമായിരുന്ന 12 പേരും ഈ സഭയിലുണ്ട്. ഉമ്മന്‍ചാണ്ടിയാണ് സീനിയര്‍. അദ്ദേഹം 12-ാം തവണയാണ് തുടര്‍ച്ചയായി സഭയിലെത്തുന്നത്.