കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബിജെപിയില്‍ നിന്നുണ്ടായത് ദയനീയ പ്രകടനം. 11.30 ശതമാനം വോട്ട് മാത്രം നേടിയ ബിജെപി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പത്ത് വര്‍ഷം മുന്‍പത്തെ അവസ്ഥയിലേക്ക് തിരിച്ചുപോയി. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ 16 ശതമാനത്തിലധികം വോട്ട് നേടി ആറ് മാസം തികയുന്നതിന് മുന്നേയാണ് ബിജെപി വോട്ടില്‍ ഇത്ര ഇടിവുണ്ടാകുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15.53 ശതമാനം വോട്ട് നേടിയ ദേശീയ പാര്‍ട്ടി പതുക്കെയെങ്കിലും ക്രമാനുഗതമായി വളര്‍ന്നുവരുന്നതിന്റെ സൂചനയാണ് സമീപകാലത്ത് നല്‍കിയിരുന്നത്.
നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍, ആറ്റിങ്ങല്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടാമതെത്തിയെങ്കിലും കൈയിലുണ്ടായിരുന്ന ഏക അക്കൗണ്ട് നഷ്ടപ്പെട്ടു. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. ഇവിടങ്ങളില്‍ അണികളേക്കൊണ്ട് തങ്ങള്‍ പിന്തുണ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യിക്കാനും ബിജെപിക്ക് കഴിഞ്ഞില്ല. അപ്രതീക്ഷിത തോല്‍വികള്‍, വോട്ട് ശതമാനം കുറഞ്ഞതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്താന്‍ അടുത്ത ദിവസം തന്നെ സംസ്ഥാന ബിജെപി ഘടകം കോര്‍കമ്മിറ്റി യോഗം ചേരും.
Also Read: കേരളം ‘ബിജെപി മുക്തം’; സ്ഥാനാര്‍ത്ഥിയായും സംസ്ഥാന അദ്ധ്യക്ഷനായും തോറ്റ് കെ സുരേന്ദ്രന്
തെരഞ്ഞെടുപ്പ് പ്രാതിനിധ്യത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പറ്റാതിരുന്ന സാഹചര്യങ്ങളിലൊക്കെ വോട്ട് ശതമാനം ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി നേതൃത്വം പിടിച്ചുനിന്നിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍ എത്തിയപ്പോള്‍ പ്രോഗ്രസ് കാര്‍ഡായി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് കാണിച്ചത് വോട്ട് വിഹിതത്തിലെ വര്‍ധനയായിരുന്നു. ശതമാനക്കണക്ക് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല സീറ്റുകള്‍ വേണമെന്നായിരുന്നു മോഡിയുടെ മറുപടി. സീറ്റ് ഒന്നില്‍ നിന്ന് പൂജ്യമായതും വോട്ടിലെ അഞ്ച് ശതമാനം ഇടിവുമാണ് കെ സുരേന്ദ്രന് പെര്‍ഫോമന്‍സ് റിപ്പോര്‍ട്ടായി കേന്ദ്ര നേതൃത്വത്തെ കാണിക്കാനുള്ളത്.
Also Read: ‘എല്ലാവര്ക്കും തോല്പിക്കേണ്ടത് ബിജെപിയെ ആണ്’; പൊതു ശത്രുവായി കണക്കാക്കിയെന്ന് കുമ്മനം രാജശേഖരന്