ബിജെപിയിലെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് ആനന്ദബോസ്; അതിന് ആര് ചുമതലപ്പെടുത്തിയെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയും സംഘടനയിലെ പ്രശ്‌നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങിന്റെ സ്ഥിരീകരണം വന്നതിന് പിന്നാലെ താന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന വാദവുമായി സിവി ആനന്ദബോസ്. ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് താന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് ആനന്ദബോസ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി തന്നോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആനന്ദ ബോസ് പറയുന്നു.

‘പാര്‍ട്ടി എന്നോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ല. എന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഞാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് നല്‍കി. ഇതില്‍ക്കൂടുതലായി ഒന്നും പറയാനില്ല’, ആനന്ദ ബോസ് പറയുന്നതിങ്ങനെ.

നേരത്തെ ഇ ശ്രീധരന്‍, സിവി ആനന്ദബോസ് ജേക്കബ് തോമസ് എന്നിവരടങ്ങുന്ന സമിതിയെ പ്രധാനമന്ത്രി കേരളത്തിലെ തോല്‍വിയുടെ കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി എന്ന വാര്‍ത്ത വന്നിരുന്നു. ഇത് നിഷേധിച്ചായിരുന്നു അരുണ്‍ സിങ് രംഗത്തെത്തിയത്. പരാജയം പഠിക്കാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ചിലര്‍ ഇക്കാര്യം അവകാശപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നുമായിരുന്നു അരുണ്‍ സിങ് വ്യക്തമാക്കിയത്.

Also Read: പിന്തുണ സുരേന്ദ്രന് തന്നെ? തോല്‍വി വിലയിരുത്താന്‍ മൂന്നംഗ സമതിയില്ലെന്ന്‌ ബിജെപി ദേശീയനേതൃത്വം; ‘ചിലര്‍ ഈ അവകാശവാദം ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്’

ഇതിന് പിന്നാലെ ആനന്ദ ബോസിനെ തള്ളി കേന്ദ്ര സഹമന്ത്രി വി മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്. ആനന്ദബോസിന് ബിജെപിയില്‍ ചുമതലകളില്ലെന്നും അരുണ്‍ സിങിന് വിരുദ്ധമായി ആനന്ദബോസ് അവകാശ വാദങ്ങളുന്നയിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെടേണ്ടത് ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയോടാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.