ഐഎസ്എല്‍ ടീമിനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്; സ്‌ക്വാഡില്‍ കഴിഞ്ഞ സീസണിലെ 16 താരങ്ങള്‍

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ 2021-22 പതിപ്പിലേക്കുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ 16 താരങ്ങളെ നിലനിര്‍ത്തിക്കൊണ്ടാണ് ഇവാന്‍ വുകോമനോവിച്ച് 28 അംഗ സ്‌ക്വാഡിനെ ഒരുക്കിയിരിക്കുന്നത്. മഞ്ഞപ്പടയെ ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ക്യാപ്റ്റനെ പിന്നീട് നിര്‍ണയിക്കും. പ്രധാന താരങ്ങളുമായി ക്ലബ്ബ് കരാര്‍ നീട്ടിയത് മുതല്‍ക്കൂട്ടാകുമെന്ന് കെബിഎഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍സിസ് പറഞ്ഞു.

ദീര്‍ഘകാല കരാറുകള്‍ ഇപ്പോഴും വരും വര്‍ഷങ്ങളിലും സ്ഥിരത നല്‍കുന്നതിനൊപ്പം ഒരു ടീം കെട്ടിപ്പെടുത്താനുള്ള അടിത്തറയൊരുക്കും.

കരോലിസ് സ്‌കിന്‍കിസ്

വിജയം കൊതിക്കുന്ന ഒരു യുവ താരനിര ഞങ്ങള്‍ക്കൊപ്പമുണ്ട്. ആഭ്യന്തര, വിദേശ തലങ്ങളില്‍ അനുഭവസമ്പത്തുള്ള താരങ്ങളെ ടീമിനൊപ്പം ചേര്‍ക്കാനായി. അവര്‍ ടീമിന് നേതൃഗുണം നല്‍കും. ഈ സീസണില്‍ എല്ലാവരുടേയും ഒത്തൊരുമിച്ചുള്ള പ്രകടനം ആവേശകരമായിരിക്കുമെന്നും സ്‌കിന്‍സിസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ജീക്സണ്‍ സിങ്, പ്രബ്സുഖന്‍ ഗില്‍, സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം റൂയ്വ, ഗിവ്സണ്‍ സിങ്, സച്ചിന്‍ സുരേഷ്, മുഹീത് ഖാന്‍ എന്നിവരെയാണ് നിര്‍ബന്ധിത പ്ലെയേഴ്‌സ് ഡെവലപ്‌മെന്റ് മാനദണ്ഡത്തിലൂടെ ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്. സീനിയര്‍ ടീം പ്രമോഷന്‍ നേടിയ അക്കാദമി താരങ്ങളായ ബിജോയ് വി, സച്ചിന്‍ സുരേഷ് എന്നിവര്‍ക്ക് ഈ സീസണ്‍ പ്രതിഭ തെളിയിക്കാനുള്ള അവസരമാണ്.

കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍: അല്‍ബിനോ ഗോമസ്, പ്രഭ്സുഖന്‍ സിങ് ഗില്‍, മുഹീത് ഷബീര്‍, സച്ചിന്‍ സുരേഷ്

പ്രതിരോധം: സന്ദീപ് സിങ്, നിഷു കുമാര്‍, അബ്ദുള്‍ ഹക്കു, ഹോര്‍മിപം റുയ്വ, ബിജോയ് വര്‍ഗീസ്, എനെസ് സിപോവിച്ച്, മാര്‍ക്കോ ലെസ്‌കോവിച്ച്, ദെനെചന്ദ്ര മെയ്റ്റി, സഞ്ജീവ് സ്റ്റാലിന്‍, ജെസ്സെല്‍ കര്‍നെയ്റോ

മധ്യനിര: ജീക്സണ്‍ സിങ്, ഹര്‍മന്‍ജോത് ഖബ്ര, ആയുഷ് അധികാരി, ഗിവ്സണ്‍ സിങ്, ലാല്‍തതംഗ ഖൗള്‍ഹിങ്, പ്രശാന്ത് കെ, വിന്‍സി ബരേറ്റോ, സഹല്‍ അബ്ദുള്‍ സമദ്, സെയ്ത്യാസെന്‍ സിങ്, രാഹുല്‍ കെ പി, അഡ്രിയാന്‍ ലൂണ

മുന്നേറ്റനിര: ചെഞ്ചോ ഗില്‍റ്റ്ഷെന്‍, ജോര്‍ജ് പെരേര ഡയസ്, അല്‍വാരോ വാസ്‌ക്വസ്

നവംബര്‍ 19നാണ് സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഗോവ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മഞ്ഞപ്പട എടികെ മോഹന്‍ ബഗാനുമായി മാറ്റുരയ്ക്കും. 2014ലും 2016ലും റണ്ണേഴ്‌സ് അപ്പായ ബ്ലാസ്റ്റേഴ്‌സ് 2017 സീസണ്‍ മുതല്‍ ആറാം സ്ഥാനത്തിന് മുകളില്‍ കയറിയിട്ടില്ല. കഴിഞ്ഞ സീസണില്‍ പത്താമതായി ഫിനിഷ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ് ഇത്തവണയെങ്കിലും നഷ്ടമായ ആരാധകപിന്തുണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്.