ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്ത് ബെഡ്ഡുകള്‍ കൂടി; വാക്‌സിന്‍ ഉല്‍പാദന ഗവേഷണത്തിന് പത്ത് കോടി

സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. 18 വയസനിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതണത്തിനിടെ പ്രഖ്യാപിച്ചു. പദ്ധതിക്ക് വേണ്ടി ആയിരം കോടി ബജറ്റില്‍ വകയിരുത്തി. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടിയും അനുവദിച്ചു.

സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് നടപ്പിലാക്കും.

ധനമന്ത്രി

ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി രൂപ വകയിരുത്തി. സംസ്ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും 10 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കും. ഒരു സിഎച്ച്‌സി ഇത്തരത്തില്‍ നവീകരിക്കുന്നതിന് മൂന്ന് കോടി രൂപയാണ് ചെലവ് വരിക. പദ്ധതിക്ക് ആകെ 636.5 കോടി രൂപ ചെലവാകും. മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക പകര്‍ച്ചവ്യാധി ചികിത്സാ ബ്ലോക്കുകള്‍ നിര്‍മ്മിക്കും. കുട്ടികള്‍ക്ക് പീഡിയാട്രിക് ഐസിയുകള്‍ നിര്‍മ്മിക്കാന്‍ 25 കോടി രൂപ മാറ്റിവെക്കും. 150 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റും ആയിരം മെട്രിക് ടണ്ണിന്റെ സംഭരണ കേന്ദ്രവും സ്ഥാപിക്കും. കേരളത്തില്‍ വാക്‌സിന്‍ ഗവേഷണകേന്ദ്രം സ്ഥാപിക്കും. വാക്‌സിന്‍ ഉല്‍പാദനത്തിനും ഗവേഷണത്തിനുമായുള്ള പദ്ധതിക്ക് പത്ത് കോടി നീക്കിവെച്ചിട്ടുണ്ടെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.