സിപിഐക്ക് ഇത്തവണയും നാല് മന്ത്രിമാര്‍ത്തന്നെ, ധാരണയായി; വിപ്പൊഴികെ മറ്റൊന്നും ജോസിനായി ഉഴിഞ്ഞുവെക്കാന്‍ തയ്യാറാവാതെ പാര്‍ട്ടി

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയില്‍ സിപിഐയുടെ മന്ത്രിസ്ഥാനങ്ങളില്‍ കുറവുണ്ടാവില്ല. പാര്‍ട്ടിക്ക് നാല് മന്ത്രിസ്ഥാനംതന്നെ നിലനിര്‍ത്താന്‍ ധാരണയായി. എകെജി സെന്ററില്‍ നടന്ന സിപിഐഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

ചീഫ് വിപ്പ് സ്ഥാനം സിപിഐ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പാര്‍ട്ടി തന്നെ നിലനിര്‍ത്തും. വകുപ്പുകള്‍ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട് അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നാണ് വിവരം.

കേരള കോണ്‍ഗ്രസിന് വകുപ്പുകള്‍ വിട്ടുനല്‍കില്ലെന്ന് സിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസ്പക്ഷം ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കാമെന്നായിരുന്നു സിപിഐഎം അറിയിച്ചത്. ഇതോടെയാണ് നിര്‍ണായക വകുപ്പുകളിലേക്ക് കേരള കോണ്‍ഗ്രസ് കണ്ണുവെച്ചത്. പൊതുമരാമത്ത്, കൃഷി, ജലവിഭവം എന്നീ വകുപ്പുകളില്‍ ഏതെങ്കിലും വേണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍, നേരത്തെയുണ്ടായി വിപ്പ് പദവിയല്ലാതെ മറ്റൊന്നും സിപിഐയില്‍നിന്നും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് പാര്‍ട്ടി.

നേരത്തെ കൈവശമുണ്ടായിരുന്ന നിയമം, ടൂറിസം വകുപ്പുകള്‍ മുന്നണി ആവശ്യപ്രകാരം സിപിഐ വിട്ടുനല്‍കിയിരുന്നു. പകരമായിരുന്നു വനം വകുപ്പ് പാര്‍ട്ടിക്ക് നല്‍കിയത്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസിന് കൃഷി വകുപ്പ് നല്‍കാറില്ലെന്നിരിക്കെ, ജോസ് വിഭാഗം അത് ആവശ്യപ്പെടുന്ന് യുക്തിയല്ലെന്നാണ് സിപിഐ വാദം.

പിജെ ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയിലുണ്ടായിരുന്നപ്പോള്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകള്‍ അവര്‍ക്കുണ്ടായിരുന്നു. തുടര്‍ന്ന് ജോസഫ് മുന്നണി മാറിയപ്പോള്‍ ഈ വകുപ്പുകളെല്ലാം സ്പിഐഎം ഏറ്റെടുക്കുകയായിരുന്നെന്ന് സിപിഐ ഓര്‍മ്മപ്പെടുത്തുന്നു.

ഇക്കാര്യങ്ങളെല്ലാം വ്യക്തിമാക്കിയ ഉഭയകക്ഷി ചര്‍ച്ചയ്‌ക്കൊടുവിലാണ് സിപിഐ മന്ത്രിസ്ഥാനങ്ങളില്‍ മാറ്റമുണ്ടാവില്ലെന്ന ധാരണയില്‍ എത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന് ഏത് വകുപ്പ് നല്‍കുമെന്ന കാര്യത്തില്‍ വരും ദിവസങ്ങളിലെ ചര്‍ച്ചകളില്‍ തീരുമാനമാവും. തിങ്കളാഴ്ച നടക്കുന്ന ഇടതുമുന്നണി യോഗത്തിന് മുമ്പായി ചെറിയ പാര്‍ട്ടികള്‍ക്കടക്കം നല്‍കുന്ന വകുപ്പുകളില്‍ ധാരണയുണ്ടാക്കാനാണ് നീക്കം.