നോ ടൈം ടു ഡൈ തിങ്കളാഴ്ച്ച തിയേറ്ററുകളില്‍; മിഷന്‍ സിയും സ്റ്റാറും ഡോക്ടറും പിന്നാലെ; ദുല്‍ഖറിന്റെ കുറുപ്പ് 12ന്

തിരുവനന്തപുരം: ദീര്‍ഘകാലം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ കേരളത്തിലെ തിയേറ്ററുകള്‍ തിങ്കളാഴ്ച്ച തുറക്കുന്നു. സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകള്‍ ചര്‍ച്ച നടത്തിയതോടെ ഒക്ടോബര്‍ 25ന് തന്നെ തിയേറ്ററുകള്‍ തുറക്കാമെന്ന് ധാരണയായി. വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്‌സഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് വേണം എന്നീ ആവശ്യങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്ന് ചലച്ചിത്ര സംഘടനകള്‍ പ്രതികരിച്ചു.

ആറ് മാസത്തിന് ശേഷമാണ് കേരളത്തിലെ തിയേറ്ററുകള്‍ നിബന്ധനകളോടെ വീണ്ടും തുറക്കുന്നത്. തിയേറ്റര്‍ ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമുണ്ട്. പകുതി സീറ്റുകളില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ.

ഡാനിയല്‍ ക്രെയ്ഗ്, നോ ടൈം ടു ഡൈ

ജയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’ ആണ് തിങ്കളാഴ്ച്ച കേരളത്തിലെ തിയേറ്ററുകളില്‍ ആദ്യം പ്രദര്‍ശിപ്പിക്കുക. 25-ാമത് ബോണ്ട് ചിത്രം സെപ്റ്റംബര്‍ 30ന് ബ്രിട്ടനിലും ഒക്ടോബര്‍ എട്ടിന് അമേരിക്കയിലും റിലീസ് ചെയ്തിരുന്നു. ഡാനിയല്‍ ക്രെയ്ഗ് അഞ്ചാമതായും അവസാനമായും ബോണ്ട് വേഷമണിയുന്ന ചിത്രമാണിത്. ‘സിന്‍ നോംബ്രേ’ (2011) എന്ന ചിത്രത്തിലൂടെ ചലച്ചിത്രാസ്വാദകരുടെ പ്രിയങ്കരനായ കാരി ജോജി ഫുക്കുനാഗയാണ് നോ ടൈം ടു ഡൈ സംവിധാനം ചെയ്തിരിക്കുന്നത്. റമി മലെക്, ലെയ സെഡോക്‌സ്, ലഷാന ലിഞ്ച് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തീവ്ര ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ സ്‌പൈ ത്രില്ലര്‍ ആഗോള ബോക്‌സ് ഓഫീസില്‍ വമ്പന്‍ കുതിപ്പാണ് നടത്തുന്നത്. 474 ദശലക്ഷം ഡോളര്‍ ഇതുവരെ നേടിയ ചിത്രം വൈകാതെ 500 മില്യണ്‍ മറികടന്നേക്കും. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിലെ എഫ് 9 ആണ് ഇതിനുമുമ്പ് 500 മില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ കയറിയ ഹോളിവുഡ് ചിത്രം. ഇന്ത്യയില്‍ കഴിഞ്ഞ 11 ദിവസത്തിനിടെ 20 കോടി രൂപ ബോണ്ട് ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ചിത്രം ഇന്ന് റിലീസ് ചെയ്തു. ഹോളിവുഡ് ചിത്രങ്ങളോട് കമ്പമുള്ള മലയാളികള്‍ തിയേറ്ററുകളിലെത്തുമെന്നും ജയിംസ് ബോണ്ട് നല്ല കളക്ഷന്‍ നേടിത്തരുമെന്നുമാണ് തിയേറ്റര്‍ ഉടമകളുടെ പ്രതീക്ഷ.

‘മിഷന്‍ സി’യിലെ ഒരു രംഗം

മലയാള സിനിമകള്‍ ഏതൊക്കെയാണ് തിയേറ്ററുകളിലെത്തുകയെന്ന കാര്യത്തില്‍ പൂര്‍ണമായും വ്യക്തത വന്നിട്ടില്ല. നൂറോളം സിനിമകള്‍ റിലീസിന് സജ്ജമാണെങ്കിലും ജനം തിയേറ്ററിലെത്തുമോയെന്ന് നിര്‍മ്മാതാക്കള്‍ക്ക് ആശങ്കയുണ്ട്. പകുതി സീറ്റില്‍ മാത്രമാണ് പ്രവേശനം എന്നതും കുറച്ചുകൂടി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നു. താരതമ്യേന ചെറിയ മുതല്‍ മുടക്കുള്ള ചിത്രങ്ങളോടുള്ള പ്രേക്ഷക പ്രതികരണം അറിഞ്ഞ ശേഷമാകും വമ്പന്‍ ചിത്രങ്ങള്‍ തിയേറ്ററിലെത്തിക്കുക. ഇതിന്റെ ഭാഗമായാണ് ബിഗ് ബജറ്റ് ചിത്രം ‘കുറുപ്പ്’ നവംബര്‍ 12ന് റിലീസ് ചെയ്യാനുള്ള തീരുമാനം. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം വലിയ തോതില്‍ ഇനീഷ്യല്‍ ക്രൗഡ് പുള്‍ പ്രതീക്ഷിക്കുന്ന ചിത്രമാണ്.

കുറുപ്പ്

അപ്പാനി ശരത്, കൈലാഷ്, മീനാക്ഷി ദിനേശ്, മേജര്‍ രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത ‘മിഷന്‍ സി’ ഒക്ടോബര്‍ 29ന് എത്തും. ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘സ്റ്റാര്‍’ 29ന് തന്നെ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടോം ഹാര്‍ഡിയും വൂഡി ഹാരല്‍സണും പ്രധാന റോളിലുള്ള കോമിക്‌സ് ആക്ഷന്‍ ചിത്രം വെനം രണ്ടാം ഭാഗം ഒക്ടോബര്‍ 27ന് കേരളത്തിലെത്തും. ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന ‘ഡോക്ടര്‍’ ഒക്ടോബര്‍ 28നും കേരളത്തില്‍ റിലീസ് ചെയ്യും. രജനീ കാന്ത് ചിത്രം അണ്ണാത്തെ നവംബര്‍ നാലിന് എത്തുമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കി സെന്‍സര്‍ ചെയ്ത സിനിമകളുടെ റിലീസ് ചാര്‍ട്ട് ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് തിയേറ്റര്‍ ഉടമകള്‍.