‘എംഎല്‍എ ഫണ്ടില്‍ നിന്ന് പിടിക്കുന്ന പണം പൊതുപൂളിലേക്ക്, കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കും’; വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് വെട്ടിക്കുറച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എ ഫണ്ടില്‍ നിന്ന് പിടിക്കുന്ന പണം പൊതുപൂളിലേക്ക് പെടുത്തി കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

എംഎല്‍എ ഫണ്ടില്‍ നിന്ന് പിടിക്കുന്ന പണം പൊതുപൂളിലേക്ക് എടുക്കും. ഈ പണം കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കും. ആശുപത്രി വികസനത്തിനും പണം ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് അഞ്ച് കോടി രൂപയായിരുന്നു. ഇതില്‍ നാല് കോടി രൂപയാണ് കൊവിഡ് പ്രതിരോധത്തിന് വേണ്ടി പൊതുപൂളിലേക്ക് എടുക്കുക. ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക പിടിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞിരുന്നു.

ഇതിനെതിരെ പ്രതിപക്ഷം രംഗതെത്തിയിരുന്നു. കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വീകരിക്കുന്ന നയം തന്നെയാണ് ഈ സര്‍ക്കാരും സ്വീകരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.