സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍, ജൂണ്‍ 9 വരെ തുടരും; മലപ്പുറത്തെ ട്രിപ്പിള്‍ ലോക്കഡൗണ്‍ ഒഴിവാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണുില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മെയ് 30 മുതല്‍ മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കും. വ്യവസായ മേഖലകളിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ അനുവദിക്കും.

തുണിക്കടകള്‍, ചെരിപ്പ് കടകള്‍ എന്നിവ ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാം. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച വരെയായിരിക്കാം പ്രവര്‍ത്തന സമയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവേ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാറായിട്ടില്ല. സംസ്ഥാനത്തൊട്ടാകെ മെയ് 31 മുതല്‍ ജൂണ്‍ ഒന്‍പത് വരെ ലോക്ക്ഡൗണ്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ വ്യവസായ സ്ഥാപനങ്ങളും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറക്കാം. ജീവനക്കാരുടെ എണ്ണം അമ്പത് ശതമാനം കവിയരുത്.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. വിദ്യാഭാസ ആവശ്യത്തിന് പുസ്തകം വില്‍ക്കുന്ന കടകള്‍ തുണി, സ്വര്‍ണ്ണം, ചെരിപ്പ് കടകള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കും. കള്ള് ഷാപ്പുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പാഴ്‌സല്‍ നല്‍കാം. പാഴ്‌വസ്തുക്കള്‍ സൂക്ഷിക്കുന്ന കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.