കൊവിഡില്‍ മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണ നല്‍കും.

18 വയസ്സ് വരെ 2000 രൂപവരെ മാസം തോറും നല്‍കും. കുട്ടികളുടെ ബിരുദതലംവരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാമത്തെ കൊവിഡ് തരംഗം ഉച്ചസ്ഥായിയില്‍ എത്തി രോഗവ്യാപനം കുറയാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച ആയിട്ടും മരണസംഖ്യയില്‍ കാര്യമായ കുറവുണ്ടാകാന്‍ നാലാഴ്ച വരെ സമയമെടുക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തില്‍ രോഗബാധിതരായവര്‍ക്കിടയില്‍ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും മരണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോഴായതിനാലാണ് മരണസംഖ്യ ഉയരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.