‘ലക്ഷദ്വീപില്‍ കാവി അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമം, ഗോവധ നിരോധനം പിന്‍വാതിലിലൂടെ നടപ്പാക്കുന്നു’; അഡ്മിനിസ്‌ട്രേറ്ററെ വിമര്‍ശിച്ച് നിയമസഭ പ്രമേയം പാസ്സാക്കി

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നയങ്ങളെ വിമര്‍ശിച്ച് നിയമസഭ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ദ്വീപിനെ തൊഴിലിനെയും ഭക്ഷണക്രമത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രമേയം കുറ്റപ്പെടുത്തി.

ലക്ഷദ്വീപില്‍ കാവി അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശമിക്കുകയാണ്. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ ദ്വീപിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുകയാണ്. ദ്വീപ് നിവാസികളുടെ ഉപജീവനം മാര്‍ഗം തകര്‍ക്കുന്ന നടപടികളാണ് ഉണ്ടാവുന്നത്.

ഗോവധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ ദ്വീപില്‍ നടപ്പാക്കുകയാണ്. ദ്വീപ് ജനതയുടെ ജീവിതം തകര്‍ക്കാന്‍ ശ്രമം നടക്കുന്നു.

ജില്ലാ പഞ്ചായത്തിന്റെ അധികാരം എടുത്ത് കളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. കേന്ദ്രത്തിന്റെ താല്‍പര്യങ്ങള്‍ ഉദ്യോഗസ്ഥനിലൂടെ നടപ്പാക്കുന്നു. രണ്ട് കുട്ടികളില്‍ അധികം ഉള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്നത് കേട്ടു കേള്‍വി ഇല്ലാത്ത പരാമര്‍ശം നടത്തുന്നു.

ലക്ഷദ്വീപില്‍ നടക്കുന്നത് കൊളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളാണ്. ലക്ഷദ്വീപിന്റെ ഭാവി ഇരുള്‍ അടഞ്ഞു പോകും വിധമുള്ള പരിഷ്‌ക്കാരങ്ങളാണ് നടക്കുന്നത്. സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണശാലയാണ് ദ്വീപ്. അഡ്മിനിസ്‌ട്രേറ്ററെ നീക്കണം എന്ന് പ്രമേയം ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്.

ശൂന്യവേളയില്‍ ചരമോപചാരത്തിന് ശേഷമാണ് ചട്ടം 118 അനുസരിച്ചുള്ള പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സംസാരിച്ച ശേഷം ഭരണപക്ഷ, പ്രതിപക്ഷത്ത് നിന്ന് രണ്ടുപേര്‍ വീതം പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.