കോട്ടയം: ഇത്തവണത്തെ തെരഞ്ഞെടുപ്പ് ജോസ് കെ മാണി നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസിനും പിജെ ജോസഫ് നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസിനും അഗ്നിപരീക്ഷയാണ്. സ്വന്തം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ പോരാ മുന്നണികള്‍ കൂടി വിജയിക്കേണ്ടതുണ്ട് ഇരുവര്‍ക്കും എന്നതാണ് തെരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികള്‍ക്കും പ്രധാനപ്പെട്ടതായി മാറുന്നത്.
യുഡിഎഫ് മുന്നണി വിട്ട് പോന്ന ജോസ് കെ മാണി വിഭാഗത്തെ ഇരുകയ്യും നീട്ടിയാണ് സിപിഐഎമ്മും എല്‍ഡിഎഫും സ്വീകരിച്ചത്. മധ്യകേരളത്തില്‍ തങ്ങള്‍ വന്നാല്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്ന സന്ദേശമാണ് ജോസ് കെ മാണി വിഭാഗം നല്‍കിയത്. ഇത് ശരിയാണെന്ന് തെളിയിക്കേണ്ട ബാധ്യത കൂടി ജോസ് കെ മാണി വിഭാഗത്തിന് വന്നിരിക്കുകയാണ്.
അത് കൊണ്ട് തന്നെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ വിജയം മാത്രമല്ല മുന്നണി വിജയം കൂടി ജോസ് കെ മാണി പക്ഷത്തിന് ആവശ്യമാണ്. 13 സീറ്റുകളാണ് എല്‍ഡിഎഫ് നല്‍കിയത്. അതില്‍ പിന്നീട് കുറ്റ്യാടി സിപിഐഎമ്മിന് വിട്ടുനല്‍കുകയായിരുന്നു.
കോട്ടയത്ത് അഞ്ച് സീറ്റുകളിലാണ് ജോസ് കെ മാണി പക്ഷം മത്സരിക്കുന്നത്. സിപിഐഎം മൂന്ന് സീറ്റുകളിലേക്ക് മാറിയാണ് അഞ്ച് സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കിയത്. ഇത് വലിയ അംഗീകാരമായാണ് അവര്‍ കാണുന്നത്. അതോടൊപ്പം തന്നെ അതൊരു ബാധ്യത കൂടിയായി മാറുകയും ചെയ്യുന്നുണ്ട്. അതില്‍ നാലെണ്ണത്തിലെങ്കിലും വിജയിച്ചേ പറ്റൂ. ഇടുക്കി ജില്ലയില്‍ ഒരു സീറ്റെങ്കിലും നേടണം.
നേരത്തെ കോട്ടയം ജില്ലയില്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ചിരുന്ന സിപിഐ ഇത്തവണ ഒരു സീറ്റിലാണ് മത്സരിക്കുന്നത്. കാഞ്ഞിരപ്പിള്ളി സീറ്റ് വിട്ടുകൊടുത്തതില്‍ അവര്‍ക്ക് നീരസവുമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ കേരള കോണ്‍ഗ്രസിനും മുന്നണിക്കും പരാജയം നേരിട്ടാല്‍ സിപിഐഎമ്മിനെതിരെ അവര്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വരാനുള്ള സാധ്യതയേറെയാണ്. കേരള കോണ്‍ഗ്രസിന് അമിത പ്രാധാന്യം നല്‍കിയെന്ന വിമര്‍ശനമായിരിക്കും അവര്‍ ഉന്നയിച്ചേക്കുക. ഇതൊക്കെ കൊണ്ട് തന്നെ ഒരു പരാജയം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തിന് സഹിക്കാനാവില്ല.
ഇപ്പുറത്ത് യുഡിഎഫ് പക്ഷത്ത് നില്ക്കുന്ന പിജെ ജോസഫ് നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസിനും സമാന അവസ്ഥയാണുള്ളത്. കാലങ്ങളായി യുഡിഎഫിനൊപ്പം നിന്ന കെഎം മാണിയുടെ മകനെയും പിന്തുണക്കുന്നവരും പുറത്ത് പോവുമ്പോള്‍ യുഡിഎഫിന് ധൈര്യം നല്‍കിയത് പിജെ ജോസഫായിരുന്നു. ജോസ് കെ മാണി വിഭാഗത്തോടൊപ്പം നിന്നിരുന്ന മുതിര്‍ന്ന നേതാക്കളെല്ലാം തന്നോടൊപ്പമാണെന്നും എല്‍ഡിഎഫിന് സഹായകരമാവാത്ത തരത്തില്‍ കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും വിടവ് താന്‍ അടച്ചു കൊള്ളാം എന്ന ഉറപ്പും പിജെ ജോസഫ് നല്‍കിയിരുന്നു. മുന്നണി തന്നോടൊപ്പം നിന്നത് ശരിയായിരുന്നുവെന്നതും ജോസഫിന് തെളിയിക്കണം.
അതേ സമയം പിജെ ജോസഫ് പക്ഷത്തിന് കോട്ടയത്ത് പഴയപോലെ ശക്തിയില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. എന്നാല്‍ തന്നെയും മൂന്ന് സീറ്റുകള്‍ ജോസഫ് പക്ഷത്തിന് കോണ്‍ഗ്രസ് നല്കി. അത് കൊണ്ട് തന്നെ ഈ സീറ്റുകളിലെ വിജയം ജോസഫ് പക്ഷത്തിന് അനിവാര്യമാണ്.
തെരഞ്ഞെടുപ്പിന് പിന്നാലെ പുനസംഘടനയെ ചൊല്ലി ജോസഫ് പക്ഷത്ത് അഭിപ്രായട വ്യത്യാസം രൂപപ്പെട്ടിരുന്നു. ഫ്രാന്‍സിസ് ജോര്‍ജാണ് എതിര്‍പ്പുയര്‍ത്തിയത്. സംഘടന സ്ഥാനങ്ങളില്‍ വലിയൊരു പങ്ക് മോന്‍സ് ജോസഫ് പക്ഷം നേടിയെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് പക്ഷത്തിന്റെ ആരോപണം. തെരഞ്ഞെടുപ്പില്‍ വലിയ വിജയം സംഭവിച്ചാല്‍ ഈ പ്രശ്നങ്ങളെല്ലാം പെട്ടെന്ന് തന്നെ അടങ്ങും. അല്ലെങ്കില്‍ അവിടെയായിരിക്കും പൊട്ടിത്തെറി ആരംഭിക്കുക. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് വിജയം ജോസഫ് പക്ഷത്തിനും അത്യന്താപേക്ഷിതമാണ്.