ആര്‍. ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് കേരള കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ അതികായൻ

മുൻ മന്ത്രിയും കേരളാ കോൺഗ്രസ് ബി ചെയർമാനുമായിരുന്ന ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവമാണ് കൊട്ടാരക്കരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.

മൃതശരീരം 9 മണി വരെ കൊട്ടാരക്കര ടൗണിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. അതിന് ശേഷം 9 മുതൽ പത്തനാപുരത്തെ എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനത്തും പൊതുദർശനത്തിന് സൌകര്യമൊരുക്കിയിട്ടുണ്ട്.  സംസ്കാരം വൈകിട്ട് 5 മണിക്ക് വാളകത്തെ തറവാട്ട് വളപ്പിൽ നടക്കും. 

1964 മുതൽ 87 വരെ ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1987 മുതല്‍ 95വരെ കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചു. 1960ല്‍ പത്തനാപുരത്തുനിന്ന് ഇരുപത്തഞ്ചാം വയസില്‍ നിയമസഭയിലെത്തി, 65ല്‍ കൊട്ടാരക്കരയെ പ്രതിനിധീകരിച്ചു. 1977 മുതല്‍ 2006വരെ കൊട്ടാരക്കര മണ്ഡലം നിലനിര്‍ത്തി, 75ല്‍ മന്ത്രിയായി. കേരള കോൺഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.

സി. അച്യുതമേനോൻ, കെ. കരുണാകരൻ, എ.കെ. ആൻ്റണി മന്ത്രിസഭകളിൽ എക്സൈസ്, ജയിൽ, ഗതാഗതം, വൈദ്യുതി, വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ രൂപീകരണത്തിലും അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ പോയ ആദ്യമുന്‍മന്ത്രിയും കൂറുമാറ്റ നിരോധനനിയമത്തിന്റ പേരിൽ അയോഗ്യനാക്കപ്പട്ട ഏക എം.എൽ.എയും ബാലകൃഷ്ണപിള്ളയാണ്. 1964 മുതൽ 87 വരെ ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പിള്ള. 1971-ൽ ലോക്സഭാംഗമായി.

മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായി അദ്ദേഹത്തെ നിയമിക്കാൻ 2017 മെയിൽ പിണറായി സർക്കാർ നിയോഗിച്ചിരുന്നു.

ആരോഗ്യകരമായ പ്രശ്നങ്ങൾ ഏറെ അലട്ടിയിരുന്നെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം ബാലകൃഷ്ണപ്പിള്ള സജീവമായി ഇടപെട്ടിരുന്നു. മകനും പത്തനാപുരം എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെബി ഗണേഷ് കുമാറിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളിൽ വരെ ഇടപെടലുണ്ടായിരുന്നു.  ഗണേഷിൻ്റെ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചും അറിഞ്ഞ ശേഷമാണ് മരണം.