വിപ്പിലൊതുങ്ങാതെ ജോസ് പക്ഷം, രണ്ട് മന്ത്രിമാര്‍ വേണമെന്ന ആവശ്യത്തിലുറച്ച് ശ്രമം; മാറാതെ സിപിഐഎം

തിരുവനന്തപുരം: പാര്‍ട്ടിക്ക് രണ്ടുമന്ത്രിമാരെ തരില്ലെന്ന് സിപിഐഎം ഉറപ്പിച്ച് പറഞ്ഞെങ്കിലും ശ്രമം തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം വീണ്ടും ഉന്നയിക്കാനാണ് തീരുമാനം. ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയും നല്‍കാമെന്നാണ് സിപിഐഎം വ്യക്തമാക്കിയിട്ടുള്ളത്.

കേരള കോണ്‍ഗ്രസ് എമ്മിന് കൂടുതല്‍ മന്ത്രിമാരെ നല്‍കേണ്ടതില്ലെന്നുതന്നെയാണ് വെള്ളിയാഴ്ച ചേര്‍ന്ന സിപിഐഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലും ധാരണയായത്. ചീഫ് വിപ്പ് പദവി സിപിഐ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുമെന്നും ധാരണയായിരുന്നു.

രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസ്പക്ഷം ആവശ്യമുന്നയിച്ചിരുന്നെങ്കിലും സിപിഐഎം തയ്യാറാകാതെ വന്നതോടെ ഇതോടെ നിര്‍ണായക വകുപ്പുകളിലേക്ക് കേരള കോണ്‍ഗ്രസ് കണ്ണുവെച്ചിട്ടുമുണ്ട്. പൊതുമരാമത്ത്, കൃഷി, ജലവിഭവം എന്നീ വകുപ്പുകളില്‍ ഏതെങ്കിലും വേണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

കേരള കോണ്‍ഗ്രസിന് വകുപ്പുകള്‍ വിട്ടുനല്‍കില്ലെന്ന് സിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ കൈവശമുണ്ടായിരുന്ന നിയമം, ടൂറിസം വകുപ്പുകള്‍ മുന്നണി ആവശ്യപ്രകാരം സിപിഐ വിട്ടുനല്‍കിയിരുന്നു. പകരമായിരുന്നു വനം വകുപ്പ് പാര്‍ട്ടിക്ക് നല്‍കിയത്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസിന് കൃഷി വകുപ്പ് നല്‍കാറില്ലെന്നിരിക്കെ, ജോസ് വിഭാഗം അത് ആവശ്യപ്പെടുന്ന് യുക്തിയല്ലെന്നാണ് സിപിഐ വാദം.

പിജെ ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയിലുണ്ടായിരുന്നപ്പോള്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, രജിസ്ട്രേഷന്‍ എന്നീ വകുപ്പുകള്‍ അവര്‍ക്കുണ്ടായിരുന്നു. തുടര്‍ന്ന് ജോസഫ് മുന്നണി മാറിയപ്പോള്‍ ഈ വകുപ്പുകളെല്ലാം സ്പിഐഎം ഏറ്റെടുക്കുകയായിരുന്നെന്ന് സിപിഐ ഓര്‍മ്മപ്പെടുത്തുന്നു.