കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലേക്ക് ചുവപ്പ് പടരുന്നു; കേഡര്‍ പാര്‍ട്ടിയാവാനുള്ള തീരുമാനം

കോട്ടയം: സംഘടന പ്രവര്‍ത്തനത്തില്‍ ഇടത് പാര്‍ട്ടി രീതികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ച് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്. കേഡര്‍ സംഘടന ശൈലി സ്വീകരിക്കാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി പാര്‍ട്ടി നേതാക്കള്‍ക്ക് ലെവി ഏര്‍പ്പെടുത്തും. ഓരോ സ്ഥാനത്തുള്ളവരും നല്‍കേണ്ട തുക എത്രയെന്ന് തീരുമാനിച്ചിട്ടില്ല. എങ്കിലും പാര്‍ട്ടിയെന്ന നിലയിലുള്ള കെട്ടുറപ്പിനും അംഗങ്ങളുടെ ഉത്തരവാദിത്വത്തിനും ലെവി വേണ്ടതാണെന്ന തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ട്.

പാര്‍ട്ടി വഴി സ്ഥാനം ലഭിച്ചവര്‍ക്കാണ് ലെവി വിഹിതം കൂടുതല്‍ നല്‍കേണ്ടി വരിക. മന്ത്രി, എംപി, എംഎല്‍എ, ചീഫ് വിപ്പ്, തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളും ഭരണകര്‍ത്താക്കളും, ബോര്‍ഡ്-കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭരണസമിതി അംഗങ്ങള്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവരെല്ലാം ലെവി നല്‍കണം.

പാര്‍ട്ടി ഭാരവാഹികള്‍, സ്റ്റിയറിങ് കമ്മറ്റി, ജില്ലാ അധ്യക്ഷന്‍മാര്‍, പോഷക സംഘടന ഭാരവാഹികള്‍ എന്നിങ്ങനെ സംസ്ഥാന കമ്മറ്റിവരെയുള്ളവര്‍ക്ക് ലെവി ഏര്‍പ്പെടുത്താനാണ് നേതൃത്വം ആലോചിക്കുന്നത്.

പാര്‍ട്ടി അംഗങ്ങളുടെ കാര്യത്തില്‍ കേഡര്‍ സ്വഭാവത്തിലേക്ക് മാറും. സാധാരണ അംഗത്വവും സജീവ അംഗത്വവും എന്ന രീതിയുണ്ടാവും. ഓണ്‍ലൈന്‍ വഴിയും അംഗത്വം നല്‍കിയേക്കും.