കേരള കോണ്‍ഗ്രസിന് പുതിയ നേതൃത്വം; പിജെ ജോസഫ് ചെയര്‍മാന്‍, ഇടഞ്ഞ് ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: കേരള കോണ്‍ഗ്രസിന് ഇനി പുതിയ നേതൃത്വം. പിജെ ജോസഫാണ് പാര്‍ട്ടി ചെയര്‍മാന്‍. തൊടുപുഴയില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പിസി തോമസിനെ വര്‍ക്കിംഗ് ചെയര്‍മാനായി തെരഞ്ഞെടുത്തു. മോന്‍സ് ജോസഫാണ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍. ചെയര്‍മാന്റെ അസാന്നിദ്ധ്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം വര്‍ക്കിംഗ് ചെയര്‍മാനായിരിക്കും.

ഫ്രാന്‍സിസ് ജോര്‍ജ്ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ടിയു കുരുവിളയെ ചീഫ് കോര്‍ഡിനേറ്ററായും ജോയ് എബ്രഹാമിനെ സെക്രട്ടറി ജനറലായും സി എബ്രഹാമിനെ ട്രഷററുമായും തെരഞ്ഞെടുത്തു.

അതേ സമയം യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് പങ്കെടുത്തില്ല. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനമാണ് ഫ്രാന്‍സിസ് ജോര്‍ജ് പ്രതീക്ഷിച്ചിരുന്നത്. ഈ സ്ഥാനത്തേക്ക് മോന്‍സിനെ മാത്രം പരിഗണിച്ചതില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന് അതൃപ്തിയുണ്ട്. അത് ഫ്രാന്‍സിസ് ജോര്‍ജ്ജ് വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ അതൃപ്തിയുണ്ടെങ്കില്‍ സംസാരിച്ചു തീര്‍ക്കുമെന്നാണ് പിജെ ജോസഫിന്റെ പ്രതികരണം. വരും ദിവസങ്ങളില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പരിഭവം പരിഹരിച്ചില്ലെങ്കില്‍ വാര്‍ത്തകളില്‍ നിറയാനാണ് സാധ്യത.