അന്തര്‍ജില്ലാ യാത്രകള്‍ക്ക് വിലക്ക്, പൊതുഗതാഗതം പൂര്‍ണമായും നിരോധിച്ചു; സംസ്ഥാനത്തെ ലോക്ഡൗണ്‍ ഉത്തരവ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങളടങ്ങിയ ഉത്തരവ് പുറത്തിങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ഏഴരവരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും ബേക്കറികള്‍ക്കും പ്രവര്‍ത്തിക്കാം. കടകളില്‍ ഹോം ഡെലിവറി സംവിധാനമാണ് ഉണ്ടാവുക തുടങ്ങിയ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ്. ഒമ്പത് മുതല്‍ 16 വരെയാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അന്തര്‍ ജില്ലാ യാത്രകള്‍ പാടില്ല. പുറത്തിറങ്ങുന്നവര്‍ സത്യവാങ് മൂലം കയ്യില്‍ കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. ആശുപത്രിയിലേക്കും വാക്‌സിന്‍ സ്വീകരിക്കാനും പോവുന്നവരെ തടയില്ല. പക്ഷേ, രേഖകള്‍ നിര്‍ബന്ധമാണ്. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍നിന്ന് വരുന്നവരും പോവുന്നവരും രേഖകള്‍ കരുതണം.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. പൊതുഗതാഗതം പൂര്‍ണമായും നിരോധിക്കും. ലോക്ക്ഡൗണില്‍ കുടുങ്ങിയവരുള്ള ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാം. കാര്‍ഷിക, മത്സ്യബന്ധന മേഖലകള്‍ക്ക് ചെറിയ തോതില്‍ പ്രവര്‍ത്തിക്കാം. അടിയന്തര ആവശ്യങ്ങള്‍ക്ക് ടാക്‌സി സര്‍വ്വീസ് ഉപയോഗിക്കാം.

വിവാഹത്തിന് 30 പേരെയും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരെയും മാത്രമാണ് അനുവദിക്കുക. ആരാധനാലയങ്ങള്‍ തുറക്കാമെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. മറ്റ് കൂട്ടായ്മകള്‍ക്കും ചടങ്ങുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കില്ല. അവശ്യ സര്‍വ്വീസുള്ള ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ബാങ്ക്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് ഒരുമണിവരെ പ്രവര്‍ത്തിക്കും.

ചരക്കുനീക്കം തടയില്ല. പെട്രോള്‍ പമ്പുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. വര്‍ക്ക്‌ഷോപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. കോള്‍ഡ് സ്‌റ്റോറേജുകള്‍ക്കും പ്രവര്‍ത്തിക്കാം.