കൊവിഡ് നിയന്ത്രണങ്ങള്‍ ഇങ്ങനെ; സംസ്ഥാനത്ത് ഇന്നുമുതല്‍ ഒരാഴ്ചത്തേക്ക് ലോക്ഡൗണിന് സമാനമായ അടച്ചിടല്‍

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. അടുത്ത ഞായറാഴ്ച വരെ അടച്ചിടലിന് സമാനമാണ് നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കഴിഞ്ഞ് നാലു മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും.

സംസ്ഥാനത്ത് ഇന്നുമുതലുള്ള നിയന്ത്രണങ്ങള്‍ ഇങ്ങനെ

തെരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, പോളിങ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപത്തേക്ക് പ്രവേശിപ്പിക്കൂ. ഇവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

അടിയന്തര സേവനമേഖലയിലുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് യാത്രാവിലക്കുണ്ടായിരിക്കില്ല.

മറ്റ് ഓഫീസുകള്‍ ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കണം.

മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന എല്ലാ ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാം. ഓക്‌സിജന്‍ വിതരണം തടസമില്ലാതെ നടക്കും. ഓക്‌സിജന്‍ ടെക്‌നീഷ്യന്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കും.

ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ക്കു ഡോക്ടറോ സ്ഥാപനമോ നല്‍കുന്ന സത്യവാങ്മൂലം ഹാജരാക്കി അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യാം. വാക്‌സിന്‍ എടുക്കാന്‍ പോകുന്നവരുടെ രേഖകള്‍ പരിശോധിച്ച് യാത്ര അനുവദിക്കും.

അടിയന്തരാവശ്യ പരിധിയിലുള്ള വ്യവസായ സംരംഭങ്ങള്‍, കമ്പനികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ സ്ഥാപനത്തിന്റെ തിരിച്ചറിയില്‍ രേഖ കരുതണം.

ഐടി-അനുബന്ധ സ്ഥാപനങ്ങളില്‍ അത്യാവശ്യ ജീവനക്കാര്‍ക്കല്ലാതെ ബാക്കിയെല്ലാവര്‍ക്കും വര്‍ക്ക് ഫ്രം ഹോം, അല്ലെങ്കില്‍ ലീവ് അനുവദിക്കണം.

ടെലികോം, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ്, പെട്രോനെറ്റ്, പെട്രോളിയം-പാചക വാതക യൂണിറ്റ് എന്നിവയുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും തടസമില്ലാതെ പ്രവര്‍ത്തിക്കാം.

മരുന്ന്, പഴം, പച്ചക്കറി, മത്സ്യം, പാല്‍, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സര്‍വീസ് സെന്ററുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ ഇരട്ടമാസ്‌കും കൈയുറയും ധരിക്കണം.

റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ് ഔട്ട്‌ലറ്റുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

രാത്രി ഒമ്പതു മണിവരെ മാത്രമാണ് എല്ലാസ്ഥാപനങ്ങളും പ്രവര്‍ത്തനാനുമതി.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാത്രി 9 മണിവരെ ഹോം ഡെലിവറിയും പാര്‍സലും മാത്രം അനുവദിക്കും.

ബാങ്കുകളില്‍ പൊതുജനങ്ങള്‍ക്ക് പത്തുമുതല്‍ ഒരുമണിവരെ മാത്രമാണ് പ്രവേശനം.

ദീര്‍ഘദൂര ബസുകള്‍, ട്രെയിന്‍, വിമാനം, ചരക്ക് സര്‍വീസ് എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല. ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള പൊതു-സ്വകാര്യ-ടാക്‌സി വാഹനങ്ങള്‍ അനുവദിക്കും.

കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം. വിവാഹത്തിന് പരമാവധി 50 പേര്‍മാത്രമേ പങ്കെടുക്കാവൂ. ശവസംസ്‌കാരത്തിന് പരമാവധി 20 പേര്‍. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് പ്രവേശനം. സൗകര്യമില്ലാത്തിടത്ത് ആളുകളുടെ എണ്ണം കുറയ്ക്കണം.

തെരഞ്ഞെടുപ്പ് ജോലികള്‍ക്കും അടിയന്തര സര്‍വീസുകള്‍ക്കും ഒന്ന്, രണ്ട് തീയതികളില്‍ തടസമില്ല.

ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിയെടുക്കുന്നതില്‍ തടസ്സമില്ല.

സിനിമ, സീരിയല്‍ തുടങ്ങിയവയുടെ ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങുകള്‍ നടത്താന്‍ പാടില്ല.

ഇരുചക്ര വാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ രണ്ടുപേര്‍ക്കു യാത്ര ചെയ്യാം. എല്ലാവരും രണ്ട് മാസ്‌ക് ധരിക്കണം. കുടുംബാംഗമല്ലെങ്കില്‍ ഒരാളെ മാത്രമേ അനുവദിക്കൂ.