ഇനിമേല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലില്ലെന്ന് അനില്‍ അക്കര; പൂവണിഞ്ഞത് എല്‍ഡിഎഫ് തന്ത്രമോ?

തൃശൂര്‍: ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് വടക്കാഞ്ചേരിയില്‍ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര. നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ മത്സരിക്കാനില്ല. സ്വന്തം പഞ്ചായത്തില്‍പ്പോലും ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോ
ട് പറഞ്ഞു.

‘നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ ഇനി മത്സരിക്കില്ല. എന്റെ പഞ്ചായത്തില്‍ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനം. ലൈഫ് മിഷന്‍ ആരോപണങ്ങളില്‍നിന്നും പിന്നോട്ടുപോവില്ല’, അനില്‍ അക്കരയുടെ വാക്കുകള്‍ ഇങ്ങനെ.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളിയോടാണ് അനില്‍ അക്കര പരാജയപ്പെട്ടത്. 13,580 വോട്ടുകള്‍ക്കാണ് തോല്‍വി. കഴിഞ്ഞ പത്തുനര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണ്ഡലം യുഡിഎഫിന്റെ കൈവിട്ടുപോവുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ലൈഫ് മിഷന്‍ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത് അനില്‍ അക്കരയായിരുന്നു. എല്‍ഡിഎഫ് പലതരത്തില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോഴും ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്ന നിലപാടായിരുന്നു അനില്‍ അക്കരയുടേത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലോ ഈ നിയമ സഭാ തെരഞ്ഞെടുപ്പിലോ ആരോപണം വോട്ടാക്കുന്നതില്‍ യുഡിഎഫ് പിന്നോട്ടുപോയെന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ലൈഫ് വിവാദം പ്രധാന ആയുധമാക്കാന്‍ അനില്‍ അക്കര ശ്രമിച്ചെങ്കിലും ഇത് ബാധിക്കില്ലെന്ന ധാരണയില്‍ത്തന്നെയായിരുന്നു എല്‍ഡിഎഫിന്റെ നീക്കങ്ങള്‍.

ലൈഫ് മിഷന്‍ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നതിന് പിന്നാലെ അനില്‍ അക്കരയ്ക്കുള്ള സ്വീകാര്യത വര്‍ധിച്ചിരുന്നെങ്കിലും ഡിവൈഎഫ്‌ഐ നേതാവായ സേവ്യര്‍ ചിറ്റിലപ്പള്ളിയെ ഇറക്കിയുള്ള ഇടത് തന്ത്രം ഫലിച്ചെന്നാണ് വിലയിരുത്തല്‍. അനിലിനെ പുകച്ച് പുറത്തുചാടിക്കാന്‍ തീരുമാനിച്ച് തന്നെയാവണം ജനകീയ മുഖമുള്ള സ്ഥാനാര്‍ത്ഥിയെ ഇറക്കിയതും.