മാധ്യമങ്ങള്‍ക്ക് ട്രെന്‍ഡ് സോഫ്റ്റ് വെയര്‍ ഇല്ല, ഫലമറിയാന്‍ വൈകും; ജനവിധിക്ക് മണിക്കൂറുകള്‍ മാത്രം, ആകാംക്ഷയില്‍ കേരളം

തിരുവനന്തപുരം: കേരളത്തില്‍ വോട്ടെണ്ണല്‍ ഫലം വൈകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ആദ്യഫല സൂചനകള്‍ രാവിലെ പത്തുമണിയോടെ മാത്രമേ ലഭ്യമാവൂ. തപാല്‍ വോട്ടുകള്‍ കൂടുതലുള്ളതുകൊണ്ടാണ് സമയം കൂടുതലെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമങ്ങള്‍ക്ക് ഫല സൂചന നല്‍കുന്ന ട്രെന്‍ഡ് സോഫ്റ്റ് വെയര്‍ ഇത്തവണയില്ല. പക്ഷേ, ഫലം കൃത്യമായി എത്തും. തപാല്‍ വോട്ടുകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും മീണ അറിയിച്ചു.

ഞായറാഴ്ച രാവിലെ എട്ടുമണിക്കാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കുക. എല്ലാ ജില്ലകളിലും വേട്ടെണ്ണലിനും തുടര്‍ പ്രഖ്യാപനത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

എട്ടുമണിക്ക് പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. 80 വയസ് പിന്നിട്ടവരും കൊവിഡ് രോഗികളുമുള്‍പ്പെടെ അഞ്ച് ലക്ഷത്തിലധികം തപാല്‍ വോട്ടുകളുണ്ട്. എട്ടരയ്ക്ക് ഇലട്രോണിക് വോട്ടിങ് മെഷീനുകള്‍ എണ്ണിത്തുടങ്ങും.

114 കേന്ദ്രങ്ങളിലായി 633 ഹാളുകളാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്. ഓരോ മണ്ഡലത്തിലും മൂന്ന് ഹാളുകളിലായി 21 മേശകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഒരു റൗണ്ടില്‍ 21 ബൂത്തുകളിലെ വോട്ടെണ്ണം. ഉച്ചയോടെ വോട്ടണ്ണല്‍ അന്തിമ ഘട്ടത്തി ഫല പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 202,602 പോളിങ്ങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

വോട്ടെടുപ്പിന് ശേഷം വിവിധ ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോളുകളില്‍ ഭൂരിഭാഗവും ഇടതുസര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ചില എക്‌സിറ്റ് പോളുകള്‍ യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന സാധ്യതയും തള്ളിക്കളയുന്നില്ല. ഭരണ നേട്ടങ്ങള്‍ പ്രതിഫലിക്കുമെന്ന് ഇടത് കേന്ദ്രങ്ങളും ഭരണവിരുദ്ധ വികാരമാവും വിധിയെഴുതുക എന്ന് യുഡിഎഫ് പാളയങ്ങളും പ്രതീക്ഷിക്കുന്നു.

കൊവിഡ് വ്യാപനം രൂക്ഷമാവുന്നിതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവായവര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാവൂ. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങളും വോട്ടെണ്ണല്‍ കേന്ദങ്ങള്‍ക്ക് സമീപത്തുള്ള ആള്‍ക്കൂട്ടവും നിരോധിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലൂടെയും കമ്മീഷന്റെയും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലൂടെയും വോട്ടെണ്ണല്‍ വിവരങ്ങള്‍ ലഭിക്കും. വോട്ടെണ്ണലിന്റെ ആദ്യ സൂചനകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള സോഫ്റ്റ് വെയറും പിന്‍വലിച്ചിരിക്കുകയാണ്.