കൊച്ചി: കേരളം ഇടതുപക്ഷത്തിനൊപ്പം എന്ന സൂചനകള്‍ നല്കി എക്സിറ്റ് പോള്‍ ഫലങ്ങള്‍. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നാണ് മിക്ക സര്‍വ്വെകളും പ്രവചിക്കുന്നത്. അതോടൊപ്പം തന്നെ മത്സരം കടുക്കുമെന്നും അപ്രതീക്ഷിത അട്ടിമറിടകള് ഉണ്ടാവുമെന്നുമുള്ള കണ്ടെത്തലുകളുമുണ്ട്.
ഇടതുപക്ഷം 77 മുതല്‍ 86 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വ്വെ പ്രവചിക്കുന്നത്. യുഡിഎഫ് 52 മുതല്‍ 61 സീറ്റുകള്‍ വരെ നേടും. ബിജെപിക്ക് രണ്ടുമുതല്‍ അഞ്ചുവരെ സീറ്റുകള്‍ സ്വന്തമാക്കും എന്നുമാണ് കണ്ടെത്തല്‍.
എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് തന്നെയാണ് മനോരമ ന്യൂസ്- വിഎംആര്‍ എക്സിറ്റ് പോളും പ്രവചിക്കുന്നത്. 68 മുതല്‍ 78 വരെ സീറ്റുകള്‍ എല്‍ഡിഎഫും 59 മുതല്‍ 70 സീറ്റുകള്‍ വരെ യുഡിഎഫും നേടുമെന്നാണ് സര്‍വ്വെയിലെ കണ്ടെത്തലുകളുടെ ആകെത്തുക. വടക്കന്‍ കേരളം യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും മധ്യകേരളത്തിലേയും തെക്കന്‍ കേരളത്തിലേയും കാറ്റ് ഇടത്തേക്കാണെന്നുമാണ് പ്രവചനം. എന്‍ഡിഎയ്ക്ക് ഒന്നോ രണ്ടോ സീറ്റ് കിട്ടിയേക്കാം. ട്വന്റി ട്വന്റി രണ്ട് മണ്ഡലങ്ങളില്‍ മേല്‍ക്കൈ നേടുമെന്നും സര്‍വ്വെ പറയുന്നു.
ഇടതുപക്ഷം കേരളം തൂത്തുവാരുമെന്ന പ്രവചനമാണ് മാതൃഭൂമി- ആക്സിസ് മൈ ഇന്ത്യ പോളില്‍ നടത്തുന്നത്. എക്സിറ്റ് പോളുകളില്‍ ഇടതിന് ഏറ്റവുമധികം സീറ്റുകളുണ്ടാവുമെന്ന കണ്ടെത്തലാണ് ഇവരുടേത്. 104 മുതല്‍ 120 സീറ്റുകള്‍ ഇടത് നേടുമെന്നാണ് സര്‍വ്വെ ഫലം. യുഡിഎഫിന് 20 മുതല്‍ 36 സീറ്റുകള്‍ വരയെും എന്‍ഡിഎക്ക് രണ്ട് സീറ്റുകള്‍ വരെയും ലഭിക്കുമെന്നാണ് ഈ സര്‍വ്വെ പറയുന്നത്.
ദേശീയ മാധ്യമങ്ങള്‍ നടത്തിയ എക്സിറ്റ് പോളുകളിലും കേരളത്തില്‍ ഇടത് തരംഗമുണ്ടാകുമെന്നാണ് പ്രവചനം.