ചരിത്രമായി ഭരണത്തുടര്‍ച്ച, കേരളത്തില്‍ ഇടത് തരംഗം; യുഡിഎഫിലെ വന്മരങ്ങള്‍ കടപുഴകി, ബിജെപിയുടെ അക്കൗണ്ട് പൂട്ടി

തിരുവനന്തപുരം: കേരളത്തില്‍ 99 സീറ്റുകളുടെ ലീഡോടെ ഇടത് തേരോട്ടം. പത്ത് ജില്ലകളില്‍ മുന്നേറിയാണ് എല്‍ഡിഎഫ് തുടര്‍ഭരണം ഉറപ്പാക്കിയിരിക്കുന്നച്. 41 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. പാലക്കാട് ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പിച്ചതോടെ ബിജെപിയുടെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട് ഒരു സീറ്റും ഇല്ലാത്ത നിലയിലേക്കെത്തി.

തിരുവനന്തപുരം ജില്ലയില്‍ 13 സീറ്റുകളിലും എല്‍ഡിഎഫാണ് മുന്നില്‍. കോവളം മാത്രമാണ് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്. കൊല്ലത്ത് ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫിനൊപ്പവും രണ്ട് മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പവുമാണ്. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കുമേല്‍ അട്ടിമറി ലീഡാണ് കോണ്‍ഗ്രസിന്റെ പിസി വിഷ്ണുനാഥിനുള്ളത്.

പത്തനംതിട്ടയിലെ അഞ്ചില്‍ അഞ്ച് സീറ്റുകളിലും എല്‍ഡിഎഫാണ് മുന്നില്‍. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ സിപിഐഎമ്മിന്റെ കെയു ജനീഷ് കുമാര്‍ 8266 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയിരിക്കുന്നത്. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ആലപ്പുഴ ജില്ലയില്‍ രമേശ് ചെന്നിത്തലയുടെ വിജയം മാത്രമാണ് യുഡിഎഫിന് ആശ്വാസം പകരുന്നത്. ബാക്കി എട്ട് സീറ്റുകളിലും എല്‍ഡിഎഫ് തേരോട്ടം തന്നെയാണ്.

കോട്ടയമാണ് യുഡിഎഫിന് നേരിയ ആശ്വാസം നല്‍കുന്ന മറ്റൊരു ജില്ല. ഏറെ വാഗ്വാദങ്ങളും വിവാദങ്ങളും നടന്ന പാലാ സീറ്റിലെ മാണി സി കാപ്പന്റെ വിജയമടക്കം നാല് മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പം നിന്നു. അഞ്ചിടത്ത് എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. ഇടുക്കിയില്‍ നാലിടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. ഒരു സീറ്റില്‍ യുഡിഎഫും.

എറണാകുളത്തെ ഒമ്പത് സീറ്റുകളില്‍ തുടക്കം മുതല്‍ യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. അഞ്ചിടത്താണ് എല്‍ഡിഎഫിന്റെ മുന്നേറ്റം. തൃപ്പൂണിത്തുറയിലെ ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്.

തൃശൂരാണ് എല്‍ഡിഎഫ് മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ജില്ല. 13ല്‍ 12 ഇടത്തും എല്‍ഡിഎഫ് വിജയമുറപ്പിച്ചുകഴിഞ്ഞു. ചാലക്കുടിയില്‍ മാത്രമാണ് യുഡിഎഫ് ലീഡ് നിലനിര്‍ത്തുന്നത്.

ഏറെ ആശങ്കകള്‍ക്കൊടുവില്‍ പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ വിജയമുറപ്പിച്ചതോടെയാണ് ബിജെപിക്ക് കേരളത്തില്‍ ഒറ്റ സീറ്റിലും ജയമില്ലാതായത്. ജില്ലയില്‍ പത്തിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫുമാണ് മുന്നില്‍.

മലപ്പുറം യുഡിഎഫിനെ ഇക്കുറിയും തളര്‍ത്തിയില്ല. 12 സീറ്റുകളിലാണ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഇവിടെ ലീഡ് ചെയ്യുന്നത്. തവനൂരിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച്ചിട്ടുമില്ല. നിലവിലെ കണക്കുകള്‍ പ്രകാരം നാല് സീറ്റിലാണ് എല്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നു.

കോഴിക്കോട് ജില്ല മുഴുവന്‍ ഇടത് തരംഗം തന്നെയാണ്. 11 സീറ്റില്‍ എല്‍ഡിഎഫ് മുന്നിലാണ്. വടകരയില്‍ കെകെ രമയുടെ അട്ടമറി വിജയമുള്‍പ്പെടെ രണ്ട് സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.

വയനാട്ടില്‍ യുഡിഎഫ് രണ്ട്, എല്‍ഡിഎഫ് ഒന്ന് എന്നിങ്ങനെയാണ് ലീഡ് നില. കണ്ണൂരില്‍ 9 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയത്തിന്റെ വക്കിലാണ്. രണ്ടിടത്ത് യുഡിഎഫാണ് മുന്നില്‍. കാസര്‍കോട് അഞ്ചില്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. കെ സുരേന്ദ്രന് മഞ്ചേശ്വരത്തും മുന്നേറാന്‍ കഴിഞ്ഞിട്ടില്ല.