നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ നിലമ്പൂരില്‍ ലീഡ് കഴിഞ്ഞ ദിവസം മരിച്ച വിവി പ്രകാശിനൊപ്പമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം വേദനയാവുകയാണ് പ്രകാശ്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും അവസാനം തനിക്ക് ലഭിച്ച മണ്ഡലത്തിലെ വോട്ടെണ്ണല്‍ കാണാന്‍ പ്രകാശ് ഇല്ല.
വോട്ടെടുപ്പിന് പിന്നാലെ വന്ന എക്സിറ്റ് പോളുകളും പ്രവചിച്ചത് നിലമ്പൂരിലെ വിജയം വിവി പ്രകാശിനായിരിക്കും എന്നായിരുന്നു. എന്നാല്‍, എക്സിറ്റ് പോളുകള്‍ എത്തുംമുമ്പേ, വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ പ്രകാശ് വിടപറഞ്ഞു. വോട്ടെണ്ണലിന് മൂന്ന് ദിവസം മുമ്പ്, ഏപ്രില്‍ 29ന് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു വിവി പ്രകാശിന്റെ മരണം. രാത്രി ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും അന്തരിക്കുകയായിരുന്നു.
പിവി അന്‍വര്‍ 2016ല്‍ അട്ടിമറിയിലൂടെ നേടിയ നിലമ്പൂര്‍ തിരിച്ചുപിടിക്കാനായിരുന്നു കോണ്‍ഗ്രസ് അന്‍വറിന്റെ കോട്ടയിലേക്ക് അവസാന നിമിഷത്തില്‍ പ്രകാശിനെ ഇറക്കിയത്. പാര്‍ട്ടിയിലും മുന്നണിയിലും സമ്മതനായ പ്രകാശിലൂടെ അന്‍വറിന്റെ പ്രതിച്ഛായയില്‍ ഇടിവുണ്ടാക്കാനായിരുന്നു ലാസ്റ്റ് ലാപ്പിലെ നീക്കം.
ആദര്‍ശ രാഷ്ട്രീയത്തിന്റെ മുഖമെന്ന് അറിയപ്പെടുന്ന പ്രകാശിന്റെ പ്രചാരണവും പ്രവര്‍ത്തനവും വിജയമല്ലാതെ മറ്റൊന്നില്ല എന്ന് ഉറപ്പിക്കുന്നതുമായിരുന്നു. നിലമ്പൂരിലെ പ്രകാശിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെ വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് പ്രചരണത്തില്‍ മുന്നിലേക്ക് പ്രകാശ് നടന്നുകയറി. യുഡിഎഫിന്റെ വിജയസാധ്യതാ പട്ടികയില്‍ നിലമ്പൂര്‍ ഇടംപിടിക്കുകയും ചെയ്തു.
തങ്ങള്‍ക്ക് നല്കിയ അവസാന അഭിമുഖത്തിലും തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു പ്രകാശെന്ന് മാതൃഭൂമി അദ്ദേഹത്തിന്റെ മരണത്തിന് ശേഷം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ എഴുതി.
മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് എടുത്ത കുടുംബ ചിത്രം സംഭവശേഷം സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു. ‘ഞാന്‍ തെരഞ്ഞെടുപ്പിന് നിന്ന് ചിരിച്ചുപഠിച്ചു. നിങ്ങളും ചിരിക്കണം’, എന്നാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ പ്രകാശ് കുടുംബത്തോട് പറഞ്ഞതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ചയായിരുന്നു ആ ഫോട്ടോ എടുത്തത്. വ്യാഴാഴ്ച പ്രകാശിന്റെ അപ്രതീക്ഷിത വിയോഗവും.
മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന വിവി പ്രകാശ് കെപിസിസി സെക്രട്ടറി, കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഫലമെത്തുംമുമ്പേ ജീവിതത്തില്‍നിന്നും മറഞ്ഞുപോവല് ഇത് ആദ്യ സംഭവമല്ല. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ തലേന്നാണ് പുനലൂരിലെ ഇടത് സ്ഥാനാര്‍ത്ഥി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്്. തൊട്ടുപിറ്റേന്നുള്ള വോട്ടെണ്ണലില്‍ 6998 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയം ശ്രീനിവാസനും. തുടര്‍ന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന് പിഎസ് സുപാല്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മത്തായി ചാക്കോയുടെ വിയോഗവും ആഘോഷിക്കാന്‍ കഴിയാത്ത വിജയത്തെ സാക്ഷിനിര്‍ത്തിയായിരുന്നു. 2006ലെ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍നിന്ന് വിജയം ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന മത്തായി ചാക്കോയിക്കൊപ്പമായിരുന്നു. എന്നാല്‍, ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് നിയമസഭയിലേക്കുള്ള ആദ്യ യാത്രമുടങ്ങി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ അഡ്മിറ്റായി. ആശുപത്രിയിലെത്തിയായിരുന്നു സ്പീക്കര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തുടര്‍ ചികിത്സകള്‍ക്കിടെ 2006 ഒക്ടോബര്‍ 13 ന് മത്തായി ചാക്കോയും വിട പറഞ്ഞു.