‘മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറത്താവും’; ജലനിരപ്പ് 142 അടിയാക്കരുതെന്ന് കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുമായി ബന്ധപ്പട്ട് തമിഴ്‌നാട് നല്‍കിയ റൂള്‍ കര്‍വ് അംഗീകരിക്കാനാവില്ലെന്ന് കേരളം സുപ്രീംകോടതിയില്‍. ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ആശങ്കകള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മേല്‍നോട്ടസമിതി അത് കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചു.

അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക സംസ്ഥാനത്തിനുണ്ടെന്നും കേരളം ചൂണ്ടിക്കാണിച്ചു. അണക്കെട്ട് തകര്‍ന്നാലുണ്ടാവുന്ന ദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറത്തറായിരിക്കും. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്ത് പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ തയ്യാറാവണം. തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയും ഉറപ്പുവരുത്തണമെന്നും കേരളം സുപ്രീംകോടതിയില്‍ അറിയിച്ചു.

ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയരുകയാണ്. ഇടുക്കിയിലേക്ക് കൂടുതല്‍ വെള്ളമെത്തുന്നത് ആശങ്കാജനകമാണ്. കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാട് തയ്യാറാവണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് ക്രമീകരിച്ച റൂള്‍ കര്‍വ് അംഗീകരിക്കാനാവില്ലെന്നും കേരളം കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ശക്തമായ വിയോജിപ്പുണ്ടെന്നും മേല്‍നോട്ട സമിതി യോഗത്തില്‍ ആശങ്കകള്‍ അറിയിച്ചിരുന്നെങ്കിലും സമിതിയുടെ മിനുട്‌സില്‍ അത്‌ പ്രതിഫലിച്ചില്ലെന്നും കേരളം കോടതിയില്‍ അറിയിച്ചു.

കേരളവും തമിഴ്‌നാടും പ്രത്യേക റൂള്‍ കര്‍വുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 31 വരെ 138 അടിയില്‍ ജലനിരപ്പ് ക്രമീകരിക്കുമെന്നും നവംബര്‍ പത്തിന് ഇത് 139.50 അടിയാക്കി ഉയര്‍ത്തുമെന്നും നവംബര്‍ 20ന് 141 അടിയാക്കിയും 30ന് 142 അടിയാക്കിയും ഉയര്‍ത്തുമെന്നുമാണ് തമിഴ്‌നാട് തയ്യാറാക്കിയ റൂള്‍കര്‍വ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കേരളം, ഒക്ടോബര്‍ 31 വരെ 136 അടിയില്‍ ജലനിരപ്പ് ക്രമീകരിക്കണമെന്നും നവംബര്‍ പത്തിന് ഇത് 138.3 അടിയാക്കി ഉയര്‍ത്താമെന്നും നവംബര്‍ 20ന് 139.60 അടിയാക്കിയും നവംബര്‍ 30ന് 140 അടിയാക്കിയും നിലനിര്‍ത്താം എന്ന റൂള്‍കര്‍വ് മുന്നോട്ടുവെച്ചിട്ടുണ്ട്.

ജലനിരപ്പ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ ആവശ്യമില്ലെന്നും 142 അടിവരെ ഉയര്‍ത്താമെന്നുമായിരുന്നു മേല്‍നോട്ട സമിതി ബുധനാഴ്ച കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കേരളത്തിന്റെ വിശദീകരണം സുപ്രീംകോടതി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റൂള്‍ കര്‍വ് അംഗീകരിക്കാനാവില്ലെന്ന നിലപാട് കേരളം അറിയിച്ചത്. ഇതുകൂടി പരിഗണിച്ചാവും കോടതി തീരുമാനമെടുക്കുക. ജസ്റ്റിസ്‌ ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.