‘പബ്ബില്ലെന്നാണ് പരാതി, ആ കുറവ് വേണ്ട’; ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഐടി പാര്‍ക്കുകളില്‍ പബ് സൗകര്യങ്ങളില്ലാത്തത് പോരായ്മയാണ്. കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കാറുള്ളത് ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് അവസാനിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘മറ്റ് ഐടി കേന്ദ്രങ്ങളിലുള്ള സൗകര്യങ്ങള്‍ കേരളത്തിലില്ല എന്നത് ഒരു കുറവായി വരുന്നുണ്ട്. സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുവേണ്ടി ചില കമ്പനികള്‍ അവരുടെ പ്രതിനിധികളെ ഇവിടേക്ക് അയക്കുമ്പോള്‍ അവര്‍ കമ്പനിക്ക് നല്‍കുന്ന റിപ്പോര്‍ട്ട് ഇത്തരം കുറവുകള്‍ ഇവിടെയുണ്ട് എന്നതടക്കമാണ്. അത് പരിഹരിക്കുന്നതിനുള്ള ആലോചന നേരത്തെ നടത്തിയിരുന്നു. പക്ഷേ, എല്ലാം അടച്ചിടുന്ന അവസ്ഥയാണ് കൊവിഡുണ്ടാക്കിയത്. എല്ലാം തുറക്കുന്ന മുറയ്ക്ക് മറ്റ് കാര്യങ്ങള്‍ ആലോചിക്കാം’, മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ.

ഐടി മേഖലയിലെ പ്രശ്‌നങ്ങള്‍ ചോദ്യോത്തര വേളയില്‍ ചര്‍ച്ച ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വൈന്‍ പാര്‍ലറുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീനാണ് ചോദ്യമുന്നയിച്ചത്.

Also Read: നീതി കിട്ടുമെന്ന് അധഃസ്ഥിതര്‍ക്ക് പ്രതീക്ഷയുണ്ടാകണമെന്ന് ‘ജയ് ഭീമി’ലെ യഥാര്‍ത്ഥ ചന്ദ്രു; അദ്ദേഹത്തിന്റെ ജീവിതം സിനിമയെ വെല്ലുന്നതെന്ന് സൂര്യ

നേരത്തെ നിസാന്‍ കമ്പനി സംസ്ഥാനത്തെത്തിയപ്പോള്‍ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട കുറവുകള്‍ സര്‍ക്കാരിനെ ബോധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിമാനങ്ങള്‍, ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ വിനോദത്തിന് പബ് സൗകര്യങ്ങള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു കമ്പനി മുന്നോട്ടുവെച്ചത്. തുടര്‍ന്ന് നാസ്‌കോം നടത്തിയ പഠനത്തിലും സംസ്ഥാനം ഇത്തരം കുറവുകള്‍ പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കുകയായിരുന്നെന്നും കൊവിഡ് ആശങ്കള്‍ പൂര്‍ണമായും അവസാനിക്കുന്ന ഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും എന്നുമാണ് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയിരിക്കുന്നത്.