സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ ആലോചനയെന്ന് വിദ്യാഭ്യാസമന്ത്രി; വിദഗ്ധ സമിതിയെ നിയോഗിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിത കാലത്തേക്ക് അടച്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള ആലോചനകള്‍ പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രായോഗികതകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ സ്‌കൂളുകളും തുറക്കാനുള്ള കാര്യം ആലോചിക്കുന്നത്.

വിദഗ്ധ സമിതിയുടെ അഭിപ്രായം അറിഞ്ഞ ശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചിട്ടാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് കടക്കുക എന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും വിദ്യാഭ്യാസ വകുപ്പിന്റെ പ്രൊജക്ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് കൈമാറും. തുടര്‍ന്ന് മുഖ്യമന്ത്രി സമിതിയുമായി ചര്‍ച്ച നടത്തിയിട്ടാവും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ്മുറികളുടെ ശുചീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയതിന് ശേഷം സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യങ്ങളും പരിഗണിച്ചാവും വിദഗ്ധ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കുക.

എന്ത് ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ വിമര്‍ശിക്കാന്‍ മാത്രം തീരുമാനിച്ച് ഇറങ്ങിത്തിരിച്ചിരിക്കുന്ന ചിലര്‍ സോഷ്യല്‍മീഡിയയിലുണ്ടെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. പ്ലസ് വണ്‍ പരീക്ഷ ഇടവേളകളോടെ വേണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. അത് അനുവദിച്ചപ്പോള്‍ ഒരുമിച്ചെഴുതാന്‍ അനുവദിക്കണമെന്ന് പറയുന്നു. ഇത്തരത്തില്‍ എന്തിനെയും വിമര്‍ശിക്കുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.