കേരള പ്രഭ, കേരള ജ്യോതി, കേരള ശ്രീ; പത്മ മാതൃകയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സിവിലിയന്‍ പുരസ്‌കാരങ്ങള്‍

തിരുവനന്തപുരം: പത്മപുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ സിവിലിയന്‍ പുരസ്‌കാരങ്ങള്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കുക. കേരള പ്രഭ, കേരള ജ്യോതി, കേരള ശ്രീ എന്നീ പുരസ്‌കാരങ്ങളാണ് നല്‍കുക.

സംസ്ഥാനത്തെ മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ മാസം 12 മുതല്‍ ഇന്ന് വരെ 42 മരണമാണ് മഴക്കെടുതിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 304 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3859 കുടുംബങ്ങള്‍ കഴിയുന്നത് ക്യാമ്പുകളിലാണ്. ക്യാമ്പുകളില്‍ കൊവിഡ് പകരാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 24വരെ മിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. പാലങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപണി വേഗത്തിലാക്കും. നദികളിലെ മണല്‍ നീക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കെടുതി രൂക്ഷമായതോടെ കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ദലൈലാമ സഹായം വാഗ്ദാനം ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡിഎംകെ ട്രസ്റ്റ് ഒരു കോടി സഹായം നല്‍കി. കര്‍ണാടക മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.