സിഎഫ്എല്‍റ്റിസിയുടെ മലയാളമെന്താ?; കൊവിഡ് പ്രയോഗങ്ങള്‍ക്ക് മലയാളവുമായി സര്‍ക്കാര്‍

കൊവിഡ് വ്യാപനം തുടരുന്നതിനോടൊപ്പം രോഗവുമായി ബന്ധപ്പെട്ട പുതിയ വാക്കുകളും വന്നുകൊണ്ടിരിക്കുകയാണ്. രോഗാവസ്ഥ, സംവിധാനങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇംഗ്ലീഷ് വാക്കുകളാണ് ഉപയോഗിക്കുന്നത്. ചില വാക്കുകള്‍ മനസില്‍ പതിയാനും ഓര്‍ത്ത് പറയാനും പാടാണ്. പകര്‍ച്ചവ്യാധികാലത്തും ആശയവിനിമയം കൃത്യമായി നടക്കേണ്ടതിന് ‘കട്ടി’ വാക്കുകള്‍ തടസമാകാതിരിക്കാന്‍ മലയാള പദാവലി തയ്യാറാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. കൊവിഡിനേക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ലളിതമായ മലയാള പദങ്ങള്‍ ഉപയോഗിക്കണമെന്ന് മെയ് 12ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനേ തുടര്‍ന്ന് ഉദ്യോഗസ്ഥാ-ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷാ) വകുപ്പ് ഒരു കൊവിഡ് മലയാള പദാവലി തയ്യാറാക്കി.

മലയാള പദാവലി

കോ മോര്‍ബിഡിറ്റി – അനുബന്ധ രോഗം

ക്വാറന്റീന്‍ – സമ്പര്‍ക്ക വിലക്ക്

ഹോം ക്വാറന്റീന്‍ – ഗാര്‍ഹിക സമ്പര്‍ക്ക വിലക്ക്

റിവേഴ്സ് ക്വാറന്റീന്‍ – സംരക്ഷണ സമ്പര്‍ക്ക വിലക്ക്

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ (സിഎഫ്എല്‍ടിസി) – ഒന്നാം തല കോവിഡ് ചികിത്സാ കേന്ദ്രം

കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ (സിഎസ്എല്‍ടിസി) – രണ്ടാം തല കോവിഡ് ചികിത്സാ കേന്ദ്രം

കോണ്‍ടാക്ട് ട്രേസിങ് – സമ്പര്‍ക്കാന്വേഷണം

പ്രൈമറി കോണ്‍ടാക്ട് – ഒന്നാംതല സമ്പര്‍ക്കം

ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ – സ്ഥാപന സമ്പര്‍ക്ക വിലക്ക്

സെക്കന്‍ഡറി കോണ്‍ടാക്ട് – രണ്ടാംതല സമ്പര്‍ക്കം

വൈറുലന്‍സ് – തീവ്രത

സൂപ്പര്‍ സ്പ്രെഡ് – അതിവ്യാപനം

ജീന്‍ സീക്വന്‍സിങ് – ജനിതശ്രേണീകരണം

ഇമ്മ്യൂണിറ്റി – രോഗപ്രതിരോധശേഷി

ഇന്‍ഫെക്ഷന്‍ – രോഗാണുബാധ

ഹെര്‍ഡ് ഇമ്യൂണിറ്റി – സാമൂഹിക പ്രതിരോധ ശേഷി

ആന്റിബോഡി – പ്രതിവസ്തു

റിസ്‌ക് ഗ്രൂപ്പ് – അപായ സാധ്യതാ വിഭാഗം

കണ്ടെയ്ന്‍മെന്റ് സോണ്‍ – നിയന്ത്രിതമേഖല

കമ്മ്യൂണിറ്റി ട്രാസ്മിഷന്‍ – സാമൂഹിക വ്യാപനം

ഡൊമിസിലിയറി കെയര്‍ സെന്റര്‍ – ഗൃഹവാസ പരിചരണ കേന്ദ്രം