പകുതിയിലധികവും കടം, ദിവസവരുമാനം 6 കോടി; കെ റെയിൽ ഡിപിആർ പുറത്ത്

കെ റെയിൽ സിൽവർലൈൻ പദ്ധതിയുടെ വിശദ പദ്ധതിരേഖ പുറത്തുവിട്ട് സംസ്ഥാന സർക്കാർ. കോൺഗ്രസ് എംഎൽഎ അൻവർ സാദത്ത് വിഷയത്തിൽ അവകാശ ലംഘന നോട്ടീസ് നൽകിയതിന് പിന്നാലെയാണ് പദ്ധതിരേഖ പുറത്തുവിട്ടത്. നിയമസഭയുടെ വെബ്‌സൈറ്റിലാണ് രേഖ അപ്‌ലോഡ് ചെയ്യുതത്. കെ റെയിൽ വിഷയത്തിൽ ഹൈക്കോടതി രൂക്ഷ ഭാഷയിൽ സർക്കാരിനെ വിമർശിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽകൂടിയായാണ് തീരുമാനം.

ഡിപിആർ പുറത്തുവിട്ടാൽ നിയമ പ്രശ്‌നം ഉണ്ടാകും എന്നാണ് സർക്കാർ അഭിപ്രായപ്പെട്ടിരുന്നത്. കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിച്ചതിനുശേഷം മാത്രമേ കെ-റെയിലിന്റെ വിശദ പദ്ധതിരേഖ പ്രസിദ്ധീകരിക്കാനാകൂ എന്നാണ് കെ-റെയിൽ കോർപ്പറേഷനും പറഞ്ഞിരുന്നത്. രേഖ ആവശ്യപ്പട്ടുകൊണ്ടുള്ള നിരവധി വിവരാവകാശ രേഖകളും തള്ളിയിരുന്നു.

ഡിപിആറിലെ വിശദാംശങ്ങൾ ചുരുക്കത്തിൽ

 • 2025-26ൽ പദ്ധതി കമ്മിഷൻ ചെയ്യും.
 • ആകെ ചെലവ് 63940 കോടി. 33,699 കോടി രൂപ വായ്പയെടുക്കും.
 • ആറു കോടി പ്രതിദിന വരുമാനം ഉണ്ടാകും.
 • 52.7 ശതമാനം പദ്ധതി ചെലവ് വായ്‌പയെടുക്കും.
 • 20 മിനിറ്റ് ഇടവേളയിൽ പ്രതിദിനം 37 സർവീസ് ഉണ്ടാകും.
 • 27 വർഷം കൊണ്ട് ഇരട്ടി സർവീസ് ലക്ഷ്യം വെക്കുന്നു.
 • 530.6 കിലോമീറ്റർ നീളത്തിൽ പാത.
 • ഒരു കിലോമീറ്ററില്‍ സില്‍വര്‍ ലൈനിന് വേണ്ടത് 2.4 ഹെക്ടര്‍.
 • ആദ്യഘട്ട നിർമാണം കൊച്ചുവേളി മുതൽ തൃശൂർ വരെ.
 • കുടിയൊഴിപ്പിക്കുന്നവർക്കായി ബഹുനില പാർപ്പിടങ്ങൾ പണിയും.
 • ആകെ 1383 ഹെക്ടർ ഭൂമി പദ്ധതിക്കായി ആവശ്യമുണ്ട്.
 • 1198 ഹെക്ടർ സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കും.
 • ഏറ്റവും കൂടുതൽ ഭൂമിയേറ്റെടുക്കുന്നത് കൊല്ലത്ത്.
 • പാതയുടെ ഇരുവശത്തും അതിർത്തി വേലികൾ ഉണ്ടാകും.
 • തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം (കാക്കനാട് ), കൊച്ചി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെയാണ് സ്റ്റേഷനുകൾ.
 • കോഴിക്കോട്ട് ഭൂഗര്‍ഭ സ്റ്റേഷന്‍. കൊച്ചുവേളി, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഭൂനിരപ്പില്‍ നിന്ന് ഉയര്‍ന്ന്.
 • സിൽവർലൈൻ വർക്ക്‌ഷോപ്പ് കൊല്ലത്ത് സ്ഥാപിക്കും.
 • സിൽവർലൈൻ പരിശോധനാ കേന്ദ്രം കാസർകോട് സ്ഥാപിക്കും.
 • സ്റ്റാൻഡേർഡ് ഗേജ് പാത തീരുമാനിച്ചത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ്.
 • 13 കിലോ മീറ്റ‌‌ർ പാലങ്ങളും 11.5 കിലോമീറ്റ‌ർ തുരങ്കവും നിർമ്മിക്കണം.
 • പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകൾക്ക് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കും.

പദ്ധതിയുടെ മറ്റു വിശദാംശങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പൊളിച്ചുമാറ്റേണ്ട മുഴുവൻ കെട്ടിടങ്ങളുടെയും ആരാധനാലയങ്ങളുടെയും വിശദാംശങ്ങൾ ഡിപിആറിൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്‌. പ്രകൃതിക്കുണ്ടാകുന്ന നാശവും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ആറു വാള്യങ്ങളിലായി 3776 പേജുകളാണ് പദ്ധതി രേഖ. ഡിപിആറിനൊപ്പം പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പുറത്തുവിട്ടിട്ടുണ്ട്. പദ്ധതി നടപ്പിലായാല്‍ ഉണ്ടാകുന്ന മാറ്റങ്ങളെ വിശദമാക്കുന്ന 620 പേജുള്ള സാധ്യതാ പഠനവും ഡിപിആറിനൊപ്പമുണ്ട്.

ALSO READ: കെ റെയിലിനെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? വിവാദങ്ങളിൽ തലയിടേണ്ടവർക്ക് ഒരു മാർഗരേഖ

വിശദ പദ്ധതിരേഖ പുറത്തുവിടണം എന്ന് പ്രതിപക്ഷ കക്ഷികൾ ഉൾപ്പടെ ആവശ്യപ്പെട്ടിരുന്നിട്ടും സർക്കാർ തയാറായിരുന്നില്ല. ഡിപിആർ പ്രസിദ്ധപ്പെടുത്തിയെന്ന് മുഖ്യമന്ത്രി സഭയിൽ പറയുകയും നിയമസഭയിൽ പദ്ധതിരേഖ അവതരിപ്പിക്കാതെ സർക്കാർ മുന്നോട്ടുപോകുകയും ചെയ്‌ത അവസരത്തിലാണ് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്കെതിരെ സ്പീക്കർക്ക് അവകാശ ലംഘന നോട്ടിസ് നൽകിയത്.

കെ റെയിൽ എന്ന് എഴുതിയ കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇപ്പോൾ ഇട്ടിരിക്കുന്ന തൂണുകൾ നിയമ വിരുദ്ധമാണെന്നാണ് കോടതിയും അഭിപ്രായപ്പെട്ടിരുന്നത്. ജനങ്ങളെ പോർവിളിച്ചും ഭീഷണിപ്പെടുത്തിയുമാണോ പദ്ധതികൾ നടപ്പാക്കേണ്ടതെന്നും കോടതി ചോദിച്ചിരുന്നു. കെ റെയിലിനെതിരായ ജനകീയ പ്രതിഷേധവും വിവിധയിടങ്ങളിൽ ശക്തിപ്പെടുകയാണ്.

WATCH: കെ റെയിൽ: പദ്ധതിയെന്ത്? ആശങ്കകൾ എന്തെല്ലാം?