‘സ്വന്തമായി തീരുമാനമെടുക്കാന്‍ പക്വതയുള്ള പെണ്‍കുട്ടി’; കോടഞ്ചേരി മിശ്രവിവാഹ വിവാദത്തില്‍ ഹൈക്കോടതിയുടെ നിർണ്ണായക വിധി

കോഴിക്കോട് കോടഞ്ചേരിയില്‍ മിശ്രവിവാഹ വിവാദവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പ്പസ് തീര്‍പ്പാക്കി ഹൈക്കോടതി. ജോയ്‌സനയെ ഷെജിന്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പിതാവ് ജോസഫ് നല്‍കിയ ഹര്‍ജി കോടതി തള്ളി. സ്വന്തമായി തീരുമാനമെടുക്കാന്‍ പക്വതയുള്ള പെണ്‍കുട്ടിയാണ് ജോയ്‌സന എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിർണ്ണായക വിധി. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കുകായണെന്നും കോടതി വ്യക്തമാക്കി.

26 വയസുള്ള, വിദേശത്ത് ജോലി ചെയ്തിട്ടുള്ള ജോയ്‌സനയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ പക്വതയുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിന് ഒപ്പം ജീവിക്കാന്‍ അവര്‍ തീരുമാനിച്ചത്. താന്‍ ഒരു തരത്തിലുമുള്ള അനധികൃത തടങ്കലുമല്ലെന്ന് പെണ്‍കുട്ടി തന്നെ കോടതിയെ നേരിട്ട് ബോധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതിക്ക് ഒന്നും ചെയ്യാനില്ലെന്ന് വിധി പ്രസ്ഥാവിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. ജോയ്‌സ്‌നയ്ക്ക് ഷെജിനൊപ്പം പോകാന്‍ അനുമതി നല്‍കിയ ഡിവിഷന്‍ ബെഞ്ചിന്റെ ഈ വിധി കോടതിക്ക് പുറത്തെ ലൗ- ജിഹാദ് വിവാദത്തിന് കൂടിയുള്ള മറുപടിയാണ്.

വിവാദങ്ങളുടെ തുടക്കം

ഏപ്രില്‍ ആദ്യവാരത്തിലാണ് ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയും സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എം എസ് ഷെജിനും ജോയ്‌സനയും വിവാഹിതരായത്. ഷെജിനുമായുള്ള ബന്ധം എതിര്‍പ്പിനെ ഭയന്ന് വീട്ടുകാരില്‍ നിന്ന് മറച്ചുവച്ച ജോയ്‌സന, ആരെയും അറിയിക്കാതെയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് വീട്ടുകാരുമായി ഫോണ്‍ വഴി യുവതിയുമായി ബന്ധപ്പെട്ട വീട്ടുകാര്‍ മകളെ ഷെജിന്‍ പിടിച്ചുവയ്ക്കുകയാണെന്ന് ആരോപിച്ച് പൊലീസിനെ സമീപിക്കുകയും പിന്നീടത് സാമുദായിക പ്രശ്‌നമായി വളരുകയും ചെയ്തു. ഷെജിന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പ്രദേശത്തെ ക്രിസ്ത്യന്‍ സംഘടനകള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചുചെയ്തു. മുസ്ലിം വിഭാഗക്കാരനായ സിപിഐഎം പ്രാദേശിക നേതാവ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത് ‘ലൗ ജിഹാദ്’ ആയി മാറി.

തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ ജോര്‍ജ് എം തോമസ് വിവാദം ഏറ്റുപിടിച്ചതോടുകൂടിയാണ് സംഭവം വ്യാപക ശ്രദ്ധനേടുന്നത്. ഷെജിന്‍- ജോയ്‌സന വിവാഹം ‘ലൗ ജിഹാദ്’ ആണെന്നും, കേരളത്തില്‍ ലൗ ജിഹാദ് ഒരു യാഥാര്‍ഥ്യമാണെന്നും മാത്രമല്ല, ഇത് പാര്‍ട്ടി രേഖകളില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്നും ജോര്‍ജ് എം തോമസ് പരസ്യമായി പറഞ്ഞു. മാധ്യമങ്ങളോട് അദ്ദേഹമത് ആവര്‍ത്തിച്ചു. ഷെജിന്റെ പ്രവൃത്തി മതമൈത്രിയെ തകര്‍ക്കുന്നതാണെന്നും പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയെന്നും ആരോപിച്ചു. വാര്‍ത്താ ചര്‍ച്ചകളില്‍ വിവാദം ഇടംപിടിച്ചതോടെ കോണ്‍ഗ്രസ് ഉള്‍പ്പടെ പ്രതിപക്ഷം വിഷയത്തില്‍ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐ അടക്കമുള്ള ഇടതുസംഘടനങ്ങള്‍ പ്രചാരണത്തെ ശക്തമായി എതിര്‍ത്തു. ‘ലൗ ജിഹാദ്’ എന്നൊന്ന് ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ദരിച്ച് ജോയ്‌സനയ്ക്കും ഷെജിനും പരസ്യപിന്തുണ പ്രഖ്യാപിച്ചു. കെ. ടി ജലീല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വിവാദത്തെ തള്ളിപ്പറഞ്ഞു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ‘ലൗ ജിഹാദ്’ ഹിന്ദുത്വ പ്രതികരണമാണെന്ന് വിശദീകരിച്ചു. പ്രതിരോധത്തിലായ കോഴിക്കോട് ജില്ലാ നേതൃത്വം ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം നാക്കുപിഴയാണെന്ന് തിരുത്തി. കോടഞ്ചേരി അങ്ങാടിയില്‍ നടത്തിയ വിശദീകരണയോഗത്തില്‍ ജോര്‍ജ് എം തോമസ് പറഞ്ഞതെല്ലാം പിന്‍വലിച്ചു. ‘ലൗ ജിഹാദും’ പ്രണയവിവാഹവും വേറെയാണെന്ന പരാമര്‍ശത്തോടെ സിപിഐഎം ആ അധ്യയം അടയ്ക്കാന്‍ ശ്രമിച്ചു.

എന്നാല്‍ അതിനകം ബിജെപിയും വിവാദം ഏറ്റെടുത്തിരുന്നു. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജോയ്‌സ്‌നയുടെ വീട് സന്ദര്‍ശിച്ചു. താമരശ്ശേരി രൂപതാ അധ്യക്ഷനെ നേരിട്ടുകണ്ടു. ബാഹ്യ സമ്മര്‍ദ്ദം മൂലമാണ് വിഷയത്തില്‍ സിപിഐഎം ഉരുണ്ടുകളിക്കുന്നതെന്ന് ആരോപിച്ചു. പിന്നാലെ പെസഹാദിനത്തില്‍ താമരശ്ശേരി രൂപതാ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍ വിഷയത്തില്‍ പരോക്ഷ പരാമര്‍ശം നടത്തി. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമം എന്നായിരുന്നു ബിഷപ്പിന്റെ പരാമര്‍ശം.

ഇതിനിടെ ഷെജിന്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണെന്ന് അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടന്നു. മകളുടെ ‘തിരോധാനം’ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയ്‌സ്‌നയുടെ കുടുംബം രംഗത്തെത്തി. ഈ ആവശ്യം പ്രദേശിക മത സംഘടനകളും ഏറ്റെടുത്തു. തനിക്കെതിരെ തീവ്ര ക്രൈസ്തവ സംഘടനകള്‍ സൈബര്‍ ആക്രമണം നടത്തുന്നതായി ഷെജിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒടുവില്‍ ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. മകളെ ഷെജിന്‍ തട്ടിക്കൊണ്ടുപോയെന്നും ഇരുവരും രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും കാണിച്ചുള്ള ഹര്‍ജി പരിഗണിച്ച് കോടതിയില്‍ ഹാജരാകാന്‍ ജോയ്‌സ്‌നയോട് ആവശ്യപ്പെട്ടു.

എന്നാല്‍ ജോയ്‌സ്‌ന കോടതിയില്‍ എത്തുമുന്‍പേ കത്തോലിക്ക സഭ മുഖപത്രമായ ദീപിക ചൊവ്വാഴ്ച എഡിറ്റോറിയലില്‍ നിലപാട് വ്യക്തമാക്കി. മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ക്രൈസ്തവര്‍ക്ക് മാത്രമല്ല ആശങ്കയെന്നായിരുന്നു മുഖപ്രസംഗത്തിന്റെ ചുരുക്കം. ‘ലൗ ജിഹാദ്’ ഇല്ലെന്ന് പറയുന്ന സിപിഐഎമ്മിന് ഇസ്ലാമിക തീവ്രവാദികളുടെ നീക്കത്തില്‍ ഭയമുണ്ടെന്ന് ജോര്‍ജ് എം തോമസിനെ ചൂണ്ടി പറഞ്ഞ എഡിറ്റോറിയല്‍ പാര്‍ട്ടി ഇക്കാര്യം മൂടിവെച്ച് മതേതരത്വം പറയുകയാണെന്നും നിരീക്ഷിച്ചു.

അതേസമയം, സതീഷ് നൈനാന്‍, ജസ്റ്റിസ് സി എസ് സുധ എന്നിവര്‍ അധ്യക്ഷരായ ബെഞ്ചിന് മുന്നില്‍ ഹാജരായ ജോയ്‌സന താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെബിനൊപ്പം ഇറങ്ങി പോയതെന്നും മതം മാറുന്നതിനോ മറ്റെന്തിങ്കിലും കാര്യത്തിലോ ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് കോടതിയെ ബോധിപ്പിച്ചു. ഇതോടെ വിദേശത്തേക്ക് പോകുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ ഒന്നിച്ചുജീവിക്കാന്‍ തീരുമാനമെടുത്താല്‍ അവിടെ മറ്റാര്‍ക്കും- കോടതിക്കോ, കുടുംബത്തിനോ, മതത്തിനോ, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഒന്നും ചെയ്യാനില്ലെന്ന് കോടതി വിധി വ്യക്തമാക്കി.

മരണംവരെ തന്റെ സമുദായത്തിന്റെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുമെന്നാണ് ജോയ്‌സ്‌ന വിധിക്കുശേഷം പ്രതികരിച്ചത്. മരണം വരെ മതേതരവാദിയായ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്ന് ഷെജിനും നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. തങ്ങള്‍ക്കെതിരെ വിവിധ സംഘടനകളില്‍ നിന്ന് ഭീഷണിയുള്ളതായും ഇരുവരും പറയുന്നു. അതേസമയം, വിഷയം വിവാദമാക്കിയതില്‍ വലിയ പങ്കുള്ള ജോര്‍ജ് എം തോമസിനെതിരെ സിപിഐഎം നടപടി എടുത്തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജില്ലാ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്ത് സംസ്ഥാന കമ്മിറ്റിക്ക് തീരുമാനം വിട്ടതായാണ് സൂചന.