തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് പുനഃരാരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ്. സര്‍വീസ് ഉടന്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത മന്ത്രിയ്ക്കും കെഎസ്ആര്‍ടിസി സിഎംഡിക്കും കത്തയച്ചു.
കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പുനരാരംഭിച്ചാല്‍ അത് ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നും ആളുകള്‍ പൊതുഗതാഗതത്തെ കൂടുതലായും സമീപിക്കുന്നത് രോഗ വ്യാപനം വര്‍ധിക്കാനിടയാക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുന്നതിനെതിരേ ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. സര്‍വീസ് പുനഃരാരംഭിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ദീര്‍ഘദൂര സര്‍വീസ് യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളില്‍ ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്നായിരുന്നു കെഎസ്ആര്‍ടിസി അറിയിച്ചത്. ആരോഗ്യവകുപ്പ് എതിര്‍പ്പ് അറിയിച്ചതിനാല്‍ കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കു എന്നാണ് സൂചന.